commission

ഇടുക്കി:വിദ്യാർത്ഥികളും അദ്ധ്യാപകരും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ബി. മോഹൻ കുമാർ. കമ്മീഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ സംഘടിപ്പിച്ച ജില്ലാതല അദ്ധ്യാപക പരിശീലനത്തിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നാടിന്റെ പുരോഗതിയും വികസനവും നിർണയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കേണ്ടത് കുട്ടികളാണ്. ഇവരെ എല്ലാ കാര്യങ്ങളിലും പങ്കാളികളാക്കണം. വീടുകളിൽ പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യമ്പോൾ കുട്ടികളെ കൂടി ഉൾപ്പെടുത്തണമെന്നും കമ്മീഷനംഗം പറഞ്ഞു. യോഗത്തിൽ വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.സി ഗീത അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ അവകാശങ്ങൾ, മാനസികാരോഗ്യം, സൈബർ സുരക്ഷ എന്നീ വിഷയങ്ങളിലാണ് പരിശീലനം നൽകിയത്. ജില്ലയിലെ എല്ലാ സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത അദ്ധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുത്തത്. ബാലാവകാശങ്ങൾ എന്ന വിഷയത്തിൽ കമ്മീഷനംഗം കെ. ഷാജു , സൈബർ സുരക്ഷ എന്ന വിഷയത്തിൽ പൊലീസ് സൈബർ വിംഗ് അസി.സബ് ഇൻസ്‌പെക്ടർ രാജൻ, കുട്ടികളുടെ മാനസികാരോഗ്യം എന്നതിൽ ഡി.എം.പി.എച്ച്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ബബിൻ എന്നിവർ ക്ലാസുകൾ നയിച്ചു. യോഗത്തിൽ കമ്മീഷനംഗങ്ങളായ ഡോ. എഫ്. വിൽസൺ, ഷാജു കെ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ വി.ഐ നിഷ , അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.