ഇടുക്കി: മനുഷ്യ - വന്യജീവി സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിൽ പഞ്ചായത്ത് തലത്തിലുള്ള യോഗങ്ങൾ ഇന്ന് നടക്കും. ഹൈറേഞ്ച് സർക്കിളിൽ മനുഷ്യ- വന്യജീവി സംഘർഷം രൂക്ഷമായ ജില്ലയിലെ 30 പഞ്ചായത്തുകളിലും കോട്ടയം ജില്ലയിലെ 4 പഞ്ചായത്തുകളിലും എറണാകുളം ജില്ലയിലെ 3 പഞ്ചായത്തുകളിലുമാണ് യോഗങ്ങൾ നടക്കുക. തീവ്രയജ്ഞ പരിപാടിയുടെ ഒന്നാം ഘട്ടത്തിൽ സംസ്ഥാനത്ത് ആകെ 1974 പരാതികളാണ് ഇതു വരെ ലഭിച്ചിട്ടുള്ളത്. ഹൈറേഞ്ച് സർക്കിളിൽ ഇടുക്കി ജില്ലയിൽ നിന്നും - 87, കോട്ടയം ജില്ലയിൽ നിന്നും -15, എറണാകുളം ജില്ലയിൽ നിന്നും - 37 പരാതികളാണ് ലഭിച്ചിട്ടുള്ളത്. 137 പരാതികളിൽ നാളിതുവരെ 26 എണ്ണത്തിൽ പ്രാദേശിക തലത്തിൽ തന്നെ പരിഹാരമായിട്ടുള്ളതാണ്. ജില്ലയിൽ 17 എണ്ണവും, കോട്ടയം ജില്ലയിൽ 9 എണ്ണവുമാണ് തീർപ്പാക്കിയിട്ടുള്ളത്. കാട്ടുപന്നി ആക്രമണവും വിളനാശവും സംബന്ധിച്ചുള്ളവയാണ് പരാതികളിൽ ഭൂരിഭാഗവും. വനമേഖലയിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് സംബന്ധിച്ചും പരാതികൾ ലഭിച്ചിട്ടുണ്ട്. തെരുവുനായ ശല്യം സംബന്ധിച്ച് ജില്ലയിലെ കാഞ്ചിയാർ പഞ്ചായത്തിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ട്. റേഞ്ച് - പഞ്ചായത്ത് തലത്തിൽ പരിഹാരമാകാത്തവ ജില്ലാ തലത്തിൽ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. അടുത്ത യോഗം 29 ന് ചേരും.