ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിലെ പാറേമാവിന് സമീപമുള്ള കൊലുമ്പൻ ഉന്നതി, കട്ടപ്പന നഗരസഭയിലെ ശിവലിംഗ, പളിയക്കുടി ഉന്നതികൾ എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ വീതം അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മുഖേനയാണ് പദ്ധതികൾക്ക് തുക അനുവദിച്ചിട്ടുള്ളത്. ഉന്നതികളിലെ റോഡുകളുടെ നിർമ്മാണം, കുടിവെള്ള ലഭ്യത, നടപ്പാത നിർമ്മാണം, പൊതുകളിസ്ഥലങ്ങളുടെ നിർമ്മാണം, കാലപ്പഴക്കം ചെന്ന വീടുകളുടെ നവീകരണം തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതികളുടെ നടത്തിപ്പിനായി വാർഡ് മെമ്പർ, നിർവഹണ ഏജൻസി, ഉന്നതിയിൽ നിന്നുള്ള അഞ്ച് പ്രതിനിധികൾ എന്നിവർ അടങ്ങുന്ന കമ്മിറ്റിക്ക് രൂപം കൊടുക്കും. ഉന്നതിയിൽ നിന്ന് നിർദേശിക്കുന്ന പ്രവർത്തികൾ യോഗം ചേർന്ന് അംഗീകാരത്തിനായി നൽകും.

ഉന്നതികളിലെ പ്രവർത്തികൾ നടപ്പിലാക്കുന്നതിലൂടെ അടിസ്ഥാന സൗകര്യങ്ങളിൽ പിന്നാക്കം നിൽക്കുന്ന ഇത്തരം മേഖലകളെ മുഖ്യധാരയിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. വാഴത്തോപ്പ് പഞ്ചായത്തിൽ തന്നെ ഗാന്ധിനഗർ, 56 കോളനി എന്നിവയും കട്ടപ്പന നഗരസഭയിൽ കടമാക്കുഴി, കൗന്തി ഉന്നതികളുടെയും നവീകരണം ഇതിനോടകം നടപ്പിലാക്കിയിട്ടുണ്ട്. നിയോജക മണ്ഡലത്തിൽ ഒമ്പത് ഉന്നതികളുടെ അടിസ്ഥാന സൗകര്യ വികസനം പദ്ധതിയിൽ ഉൾപ്പെടുത്തി വിപുലീകരിക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.