likhin

ചെറുതോണി: വെൺമണിയിൽ ബൈക്കിലെത്തി വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്ന കേസിലെ രണ്ടാമത്തെ പ്രതിയും പിടിയിൽ. ചേർത്തല അന്ധകാരനഴി സ്വദേശി കാട്ടുങ്കതയ്യിൽ ലിഖിൻ ഇഗ്‌നേഷ്യസാണ് (24) കഞ്ഞിക്കുഴി പൊലീസിന്റെ പിടിയിലായത്. കരുണാപുരം കമ്പംമെട്ട് സ്വദേശി വെള്ളാറശേരിയിൽ അമൽ സജിയെ (24) കഴിഞ്ഞ ദിവസം കമ്പംമെട്ട് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 12ന് ഉച്ചകഴിഞ്ഞ് മൂന്നിന് പശുവിനുള്ള പുല്ലുകെട്ടുമായി വീട്ടിലേക്കു പോകുന്ന വഴി വള്ളിയാംതടത്തിൽ ബേബിയുടെ ഭാര്യ സിമിലിയുടെ (61) കഴുത്തിൽക്കിടന്ന നാലര പവൻ തൂക്കമുള്ള മാലയാണ് കറുത്ത ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ച് കടന്നത്. മോഷണ സമയം അമലാണ് ബൈക്ക് ഓടിച്ചിരുന്നത്. വീട്ടമ്മയുടെ അടുത്തെത്തിയപ്പോൾ ബൈക്കിന്റെ പുറകിലിരുന്ന അമൽ സജി ഇറങ്ങി വണ്ണപ്പുറത്തേക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞു കൊടുക്കുന്നതിനിടയിൽ കഴുത്തിൽക്കിടന്ന മാല പൊട്ടിച്ചു ബൈക്കിൽ കയറി സ്ഥലം വിട്ടു. രണ്ടു പേരും ഹെൽമെറ്റും ജാക്കറ്റും ധരിച്ചിട്ടുണ്ടായിരുന്നു. ഇതുമൂലം ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. സി.സി.ടി.വി കാമറ വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. രണ്ട് പേരും എറണാകുളത്ത് ജോലി ചെയ്യുന്നവരാണ്. അമലിനെ ഞായറാഴ്ച കമ്പംമെട്ടിൽ നിന്നും ലിഖിനെ ഇന്നലെ ചേ‌ർത്തലയിലെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്. ഇടുക്കി ഡി.വൈ.എസ്.പി രാജൻ കെ. അരമനയുടെ നിർദ്ദേശാനുസരണം കഞ്ഞിക്കുഴി എസ്.ഐ താജുദ്ദീൻ അഹമ്മദ്, സജീവ് മാത്യു, സീനിയർ സി.പി.ഒ പി.എ. ഷെരീഫ്, കെ.ആർ. അനീഷ്, സുമേഷ്, സി.പി.ഒമാരായ മനു ബേബി, ജയൻ, കെ.ബി. മനോജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു.