കട്ടപ്പന: നാടക പ്രതിഭ കെ.സി ജോർജിന്റെ ഒന്നാം ചരമവാർഷിക ദിനാചരണം ഇന്ന് വൈകിട്ട് നാലിന് കട്ടപ്പന സി.എസ് .ഐ ഗാർഡനിൽ നടക്കും. രണ്ടു തവണ മികച്ച നാടകകൃത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ കെ.സി ജോർജിന്റെ അനുസ്മരണ സമ്മേളനം നാടക സിനിമ നടൻ പ്രമോദ് വെളിയനാട് ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്സൺ ബീനാ ടോമി അദ്ധ്യക്ഷയാകും. നാടകകൃത്ത് രാജീവൻ മമ്മിളി അനുസ്മരണ പ്രഭാഷണം നടത്തും. ഹേമന്ദ് കുമാർ, ജീവൻ സാജ് തുടങ്ങി നാടക രംഗത്തെ പ്രമുഖർ പങ്കെടുക്കും.കെ.സി സൗഹൃദ കൂട്ടായ്മ ഏർപ്പെടുത്തിയ പ്രഥമ കെ.സി ജോർജ് നാടക പ്രതിഭാ പുരസ്‌കാരം നാടക കൃത്ത് എം.ജെ ആന്റണിക്ക് സമർപ്പിക്കും. 10,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. അനുസ്മരണ സമ്മേളനത്തിന് ശേഷം കായംകുളം പീപ്പിൾസ് തിയറ്റേഴ്സിന്റെ അങ്ങാടിക്കുരുവികൾ എന്ന നാടകവും അവതരിപ്പിക്കും.