തൊടുപുഴ: അടിസ്ഥാന സൗകര്യം ഒരുക്കാതെയുള്ള സ്‌കൂൾ കെട്ടിട ഉദ്ഘാടനത്തെ ചൊല്ലി നഗരസഭാ കൗൺസിലിൽ തർക്കം. സ്‌കൂളിന് വേണ്ട സൗകര്യങ്ങൾ ഒരുക്കാതെ തുറന്ന് നൽകരുതെന്ന് മുൻ ചെയർമാനും കൗൺസിലറുമായ സനീഷ് ജോർജ് പറഞ്ഞു. തർക്കത്തിനൊടുവിൽ സ്‌കൂൾ ഉദ്ഘാടനം തീരുമാനമാകാതെ കൗൺസിൽ പിരിഞ്ഞു. 29-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന കോലാനി യു.പി സ്‌കൂളാണ് ചൊവ്വാഴ്ച ചേർന്ന നഗരസഭാ കൗൺസിലിൽ ചർച്ചാ വിഷയമായി മാറിയത്. വാർഡ് കൗൺസിലർ മെർളി രാജുവാണ് അജണ്ടയിൽ സ്‌കൂൾ ഉദ്ഘാടനത്തിന്റെ വിവരം കൗൺസിലിന് മുമ്പാകെ വെച്ചത്. എന്നാൽ സ്‌കൂളിന് അടിസ്ഥാന സൗകര്യം ഒരുക്കാതെ സ്‌കൂൾ തുറന്നു കൊടുക്കാനുള്ള നീക്കത്തെയാണ് കൗൺസിലറും മുൻ ചെയർമാനുമായ സനീഷ് ജോർജ് എതിർത്തത്. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഈ കൗൺസിലിന്റെ കാലഘട്ടത്തിൽ പല തവണകളായി 47 ലക്ഷത്തോളം രൂപ അനുവദിച്ചിരുന്നു. കെട്ടിടം നിർമ്മാണം അന്തിമ ഘട്ടത്തിൽ എത്തുകയും ചെയ്തു. എന്നാൽ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സി.പി.എമ്മിന്റെ പ്രാദേശിക ഘടകത്തിന്റെ നിർദേശ പ്രകാരം വാർഡ് കൗൺസിലർ മെർളി രാജുവും പ്രാദേശിക നേതാക്കളും ചേർന്ന് സ്‌കൂൾ കെട്ടിടം തട്ടിക്കൂട്ടി ഉദ്ഘാടനം നടത്താൻ തീരുമാനിക്കുകയായിരുന്നെന്നാണ് സനീഷ് ജോർജ് ആരോപണം ഉന്നയിച്ചത്. സ്‌കൂളിലെ പ്രധാന അദ്ധ്യാപകന്റെ നിർദേശം പോലും പാലിക്കാതെയും മുൻസിപ്പൽ കൗൺസിലിന്റെയും ചെയർമാന്റെയും അനുമതി മേടിക്കാതെയും ഒക്ടോബർ അഞ്ചിന് സ്‌കൂൾ കെട്ടിടം ഉദ്ഘാടനം നിർവഹിക്കാനായിരുന്നു തീരുമാനമെന്നും ഇതിനെയാണ് എതിർത്തതെന്നും സനീഷ് ജോർജ് പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യം വെച്ച് സ്‌കൂൾ കെട്ടിടം ഉദ്ഘാടനം നടത്താൻ അനുവദിക്കില്ലെന്നും സനീഷ് പറഞ്ഞു.

എൽ.ഡി.എഫ് അംഗത്തിന്റെയടക്കം പിന്തുണ

സനീഷ് ഉയർത്തിയ വാദങ്ങൾ ശരിയാണെന്ന് കൗൺസിലിലെ ഭൂരിപക്ഷം അംഗങ്ങൾ അംഗീകരിച്ചു. വ്യക്തമാക്കിയ കാര്യങ്ങൾ വസ്തുതപരമാണെന്ന് എൽ.ഡി.എഫ് കൗൺസിലർ ആർ. ഹരിയും പറഞ്ഞു.