തൊടുപുഴ: കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തുന്ന പദയാത്രയുടെ പരസ്യ പ്രചരണാർത്ഥം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ഫ്ളെക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിച്ചതിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിവൈ.എസ്.പിക്ക് പരാതി നൽകിയതായി ജില്ലാ പ്രസിഡന്റ് ടോമി പാലയ്ക്കൻ പറഞ്ഞു. കഴിഞ്ഞ രാത്രിയിലാണ് ബോർഡുകൾ നശിപ്പിച്ചത്. ഭൂ പതിവ് നിയമ ചട്ടഭേദഗതിക്കെതിരെ 26ന് കരിമ്പനിൽ നിന്ന് ചെറുതോണിയിലേക്ക് കർഷക മുന്നേറ്റ പദയാത്ര നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇവ സ്ഥാപിച്ചത്. സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യുവാണ് പദയാത്ര നയിക്കുന്നത്. ജില്ലയിലെ കാർഷിക ഭൂ പ്രശ്നങ്ങളിൽ സജീവമായി ഇടപ്പെട്ട് സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തുന്ന കർഷക മുന്നേറ്റ പദയാത്രയുടെ ശോഭ കെടുത്തുന്നതിനും തേജോവധം ചെയ്യുന്നതിനുമായി ആസൂത്രിതമായി നടത്തിയ ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി പൊലീസ് മാതൃകാപരമായി ശിക്ഷ നൽകണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.