തൊടുപുഴ: പത്താമത് ദേശീയ ആയുർവേദ ദിനാചാരണത്തോടനുബന്ധിച്ച് തൊടുപുഴയിലെ ജില്ലാ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. തൊടുപുഴ മിനിസിവിൽ സ്റ്റേഷന് മുന്നിൽ നിന്നാരംഭിച്ച ജാഥ നഗരസഭാ ചെയർമാൻ കെ. ദീപക് ഫ്ളാഗ് ഓഫ് ചെയ്തു. വാദ്യ മേളങ്ങളുടെ അകമ്പടിയോടു കൂടിയ വിളംബരജാഥ കാരിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയിൽ കോമ്പൗണ്ടിൽ സമാപിച്ചു. ജാഥയിൽ വിവിധ ആയുർവേദ ആശുപത്രികളിലെ ഡോക്ടർമാരും ജീവനക്കാരും ഉൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്തു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെറോം വി. കുര്യൻ ആയുർവേദ ദിന സന്ദേശം നൽകി. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.എസ്. ശ്രീദർശൻ, എ.എം.എ.ഐ ജില്ലാ പ്രസിഡന്റ് ഡോ. റെൻസ് പി. വർഗീസ് എന്നിവർ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയും സംയുക്തമായി ആവിഷ്‌കരിച്ചിട്ടുള്ളത്. 'ആയുർവ്വേദം മാനവരാശിക്കും ഭൂമിക്കും" എന്നതാണ് ഈ വർഷത്തെ പ്രമേയം. 30ന് തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ വിപുലമായ പരിപാടികളോടെ സമാപന സമ്മേളനം നടത്തുമെന്ന് അധികൃതർ അറിയിച്ചു.