കട്ടപ്പന: കാലാവസ്ഥ അനുകൂലമായിട്ടും വിലയില്ലാതെ കാന്താരി. ഇടവിട്ട് ലഭിച്ച മഴയും നല്ല കാലാവസ്ഥയുമാണ് ഇത്തവണ ഹൈറേഞ്ചിലെ കാന്താരി ഉത്പാദനം വർദ്ധിക്കാൻ കാരണമായത്. എന്നാൽ ഉത്പാദനം വർദ്ധിച്ചത് വിലയിടിവിന് കാരണമായി. 500 രൂപ ലഭിച്ചിരുന്ന പച്ച കാന്താരിക്ക് നിലവിൽ 300 രൂപയാണ് ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ വില. 1400 രൂപ വരെ വില ലഭിച്ചിരുന്ന ഉണങ്ങിയ കാന്താരിക്ക് 700 രൂപയാണ് കർഷകന് നിലവിൽ ലഭിക്കുന്നത്. വളപ്രയോഗം നടത്തിയും ഗ്രീൻ നെറ്റ് കെട്ടിയും സംരക്ഷിച്ച കാന്താരിയുടെ വില കുത്തനെ ഇടിഞ്ഞതോടെ കർഷകർക്കും നേട്ടമില്ലാതെയായി മാറി. അടുത്ത നാളുകളിലായി കാന്താരിക്ക് വിലയുയർന്നതോടെ ഹൈറേഞ്ചിൽ വീട്ടു പരിസരത്ത് കാന്താരി കൃഷി ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചിരുന്നു. മികച്ച വിളവ് ലഭിക്കുന്ന തൈകളുടെ ലഭ്യതയും കുറഞ്ഞ പരിചരണവുമാണ് വീട്ടമ്മമാർ ഉൾപ്പെടെ കാന്താരി കൃഷിയിലേക്ക് തിരിയാൻ കാരണം. കട്ടപ്പന കമ്പോളത്തിൽ നിന്ന് വിദേശത്തേയ്ക്ക് കയറ്റി അയക്കാൻ ഉൾപ്പെടെ മൊത്ത വ്യാപാരികൾ കാന്താരി ശേഖരിക്കാറുണ്ട്. പച്ച കാന്താരി ധാരാളം വിപണിയിൽ എത്തുന്നുണ്ടെങ്കിലും ആവശ്യക്കാർ കുറവാണെന്ന് വ്യാപാരികൾ പറയുന്നു. ഇത്തരം അവസരങ്ങളിൽ വിറ്റഴിക്കാൻ കഴിയാതെ വരുന്ന കാന്താരി ഉണക്കി വയ്ക്കുകയാണ് പതിവ്. കൂടാതെ ഉപ്പിലിട്ട് കാന്താരി വിൽക്കുന്ന സമ്പ്രദായവും ഏറിവരിക്കുകയാണ്.
കളം വിട്ട് കർണാടക കാന്താരി
ഇടക്കാലത്ത് കർണാടകത്തിൽ നിന്നുള്ള കാന്താരി വിപണിയിൽ ഇടം പിടിച്ചിരുന്നു. ഇതും പ്രാദേശിക കർഷകർക്ക് പ്രതിസന്ധി അടിച്ചേൽപ്പിച്ചു. കുറഞ്ഞ വിലയും കണ്ടാൽ ആകർഷകവുമായ കർണാടക കാന്താരിയ്ക്ക് ഗുണം കുറവാണ്. തുടക്കത്തിൽ വാങ്ങിയെങ്കിലും ഗുമേന്മ കുറവായതിനാൽ ഉപഭോക്താക്കൾ കർണാടക കാന്താരി ഒഴിവാക്കി.