മുട്ടം: മീനച്ചിൽ കുടിവെള്ള പദ്ധതിയ്ക്ക് വേണ്ടി ജലജീവൻ മിഷൻ അധികൃതർ കുത്തിപ്പൊളിച്ച ചള്ളാവയൽ ഭാഗത്ത് റോഡിൽ വാഹനങ്ങൾ തുടർച്ചയായി താഴുന്നു. കെ.എസ്.ആർ.ടി.സി ബസുകളും ചരക്ക് കയറ്റി വരുന്ന വലിയ ലോറികളുമടക്കം നിരവധി വാഹനങ്ങളാണ് പ്രദേശത്ത് താഴുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇതാണ് ഇവിടെ അവസ്ഥ. തുടർന്ന് ഇത് വഴിയുള്ള വാഹനങ്ങൾ മുന്നോട്ട് ചലിക്കാൻ കഴിയാതെ ഏറെ നേരമാണ് റോഡിൽ കുരുങ്ങുന്നത്. ഇന്നലെയും രാവിലെ മുതൽ നിരവധി വാഹനങ്ങൾ ഇവിടെ താഴ്ന്നു. പാലാ, ഈരാറ്റുപേട്ട, മുട്ടം എന്നിങ്ങനെ മേഖലകളിലേക്കുള്ള മൂന്ന് റോഡുകളുടെ സംഗമ സ്ഥാനമാണ് ചള്ളാവയൽ എന്നതിനാൽ വാഹനങ്ങൾ തിരിഞ്ഞു പോകാൻ ഏറെ പ്രയാസമാണ്. ഇതിന്റെ ഇടയിലാണ് കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡ് കുത്തിപ്പൊളിച്ചത്. കുത്തിപ്പൊളിച്ച റോഡ് രണ്ട് വർഷങ്ങൾ കഴിയാറായിട്ടും ടാറിംഗ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം തോട്ടുങ്കര വികസന സമിതിയുടെ നേതൃത്വത്തിൽ ജലജീവൻ മിഷൻ അധികൃതരുടെ വാഹനം തടഞ്ഞു പ്രതിഷേധിച്ചിരുന്നു. മുട്ടം എം.വി.ഐ.പി ഓഫീസിന് സമീപത്ത് ജല ജീവൻ മിഷന്റെ പണികൾക്ക് ഉപയോഗിച്ചിരുന്ന ജെ.സി.ബിയും റോഡിൽ താഴ്ന്നിരുന്നു. മാത്തപ്പാറ ഭാഗത്ത് ജല ജീവൻ മിഷൻ പദ്ധതിയ്ക്ക് വേണ്ടി കുത്തിപ്പൊളിച്ച റോഡ് ടാറിങ് നടത്താത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ നിരന്തരം സമരത്തിലായിരുന്നു. തുടർന്ന് ഇവിടെ ടാറിങ് പണികൾ ആരംഭിച്ചു.