മൂന്നാർ: ദേവികുളത്ത് വീട്ടുമുറ്റത്ത് അതിഥിയായി നീലക്കുറിഞ്ഞി വിരുന്നെത്തി. മൂന്നാർ ദേവികുളം സ്വദേശിയായ ജോർജ്ജ് വീട്ടുമുറ്റത്ത് പരിപാലിച്ച് വരുന്ന നീലകുറിഞ്ഞി ചെടിയിലാണ് നിറയെ പൂക്കൾ വിരിഞ്ഞിട്ടുള്ളത്. നീല പൂക്കൾ ചെടിയിലാകെ വിരിഞ്ഞ് നിൽക്കുന്ന കാഴ്ച മനോഹരമാണ്. മൂന്നാറിന്റെ തനത് കാഴ്ചയായ കുറിഞ്ഞി ചെടികൾ സ്വന്തം വീട്ടുമുറ്റത്ത് പൂത്തുലഞ്ഞതിന്റെ സന്തോഷം ജോർജ് പങ്കുവച്ചു. കഴിഞ്ഞ ദിവസങ്ങളിലൊക്കെയും മൂന്നാറിന്റെ വിവിധയിടങ്ങളിലായി കുറിഞ്ഞിച്ചെടികൾ പൂവിട്ടിരുന്നു. 2018ലാണ് മൂന്നാറിൽ നീലക്കുറിഞ്ഞി വ്യാപകമായി പൂവിട്ടത്. എന്നാൽ പ്രളയം ആ കാഴ്ചകളെ നഷ്ടപെടുത്തി. പിന്നീട് വിവിധ വർഷങ്ങളിൽ പല സ്ഥലങ്ങളിലായി പൂക്കൾ വിരിഞ്ഞിരുന്നു. 2030ൽ വീണ്ടും മൂന്നാറിൽ നീലവസന്തമെത്തുമെന്നാണ് പ്രതീക്ഷ.