justice
ദേവികുളത്ത് സംഘടിപ്പിച്ച തെളിവെടുപ്പിൽ ജസ്റ്റിസ് വി.കെ. മോഹനൻ സംസാരിക്കുന്നു

മൂന്നാർ: താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട ജസ്റ്റിസ് വി.കെ. മോഹനൻ ജുഡീഷ്യൽ കമ്മിഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന രണ്ടാം ഘട്ട പൊതു തെളിവെടുപ്പും ഹിയറിംഗും ദേവികുളത്ത് സംഘടിപ്പിച്ചു. മാട്ടുപ്പെട്ടി മേഖലയിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക, വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും ദേവികുളത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ബോട്ടിംഗിന് സുഖമായി എത്തിച്ചേരാനുള്ള സൗകര്യമൊരുക്കുക, ബോട്ടിൽ കയറ്റുന്ന സഞ്ചാരികളുടെ എണ്ണം ക്രമപ്പെടുത്തുക എന്നിങ്ങനെ നിരവധി നിർദേശങ്ങൾ തെളിവെടുപ്പിൽ ഉയർന്നുവന്നു. രജിസ്റ്റർ ചെയ്ത 31 പേരിൽ ആറ് പേർ ഹിയറിംഗിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ജലഗതാഗത മേഖലയിൽ ഭാവിയിൽ അപകടങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് പരിഹാര മാർഗങ്ങൾ ശുപാർശ ചെയ്യുക, നിലവിലുള്ള ലൈസൻസിങ് എൻഫോഴ്സ്‌മെന്റ് സംവിധാനങ്ങൾ പര്യാപ്തമാണോയെന്ന് പരിശോധിക്കുക, മുൻകാലങ്ങളിലുണ്ടായ ബോട്ട് അപകടങ്ങളെ തുടർന്ന് നിയോഗിച്ച അന്വേഷണ കമ്മിഷനുകൾ സമർപ്പിച്ച റിപ്പോർട്ടുകളിൽ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തെളിവെടുപ്പ് നടന്ന് വരുന്നത്. ജില്ലയിലെ രണ്ടാമത്തെ തെളിവെടുപ്പ് ഇന്ന് ഇടുക്കി കളക്ടേറ്റ് കോൺഫറൻസ് ഹാളിലും നാളെ കുമളി ഡി.ടി.പി.സി ഹാളിലും നടക്കും. ഹിയറിംഗിൽ പൊതുജനങ്ങൾക്ക് ജലഗതാഗതം, ജല വിനോദം എന്നിവയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ സൗകര്യമുണ്ടാകും. ദേവികുളം പഞ്ചായത്ത് ഹാളിൽ നടന്ന തെളിവെടുപ്പിൽ കമ്മിഷൻ അംഗങ്ങളായ കുസാറ്റ് ഷിപ്പ് ബിൽഡിങ് ടെക്‌നോളജി വിഭാഗം റിട്ട. പ്രൊഫസർ ഡോ. കെ.പി. നാരായണൻ, കമ്മിഷൻ മെമ്പർ സെക്രട്ടറി റിട്ട. ജില്ലാ ജഡ്ജി ടി.കെ. രമേഷ് കുമാർ, കോർട്ട് ഓഫീസർ റിട്ട. മുൻസിഫ് മജിസ്‌ട്രേറ്റ് ജി. ചന്ദ്രശേഖരൻ, കമ്മിഷൻ ജോയിന്റ് സെക്രട്ടറി ശിവ പ്രസാദ്, കമ്മിഷൻ അഭിഭാഷകൻ അഡ്വ. ടി.പി. രമേശ്, കണ്ണൻ ദേവൻ ഹിൽസ് വില്ലേജ് ഡെപ്യൂട്ടി തഹസീൽദാർ പി.എം. റഹീം, ദേവികുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവൻ എന്നിവർ പങ്കെടുത്തു.