 സേവനം പ്രയോജനപ്പെടുത്തിയത് 22434 പേർ

തൊടുപുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ജില്ലയിലെ ജനകീയാരോഗ്യ കേന്ദ്രങ്ങളിൽ ആരംഭിച്ച പ്രത്യേക സ്ത്രീ ക്ലിനിക്കുകളുടെ പ്രവർത്തനം പുരോഗമിക്കുന്നു. 314 കേന്ദ്രങ്ങളിലായി ഒരാഴ്ചയ്ക്കുള്ളിൽ ക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടുത്തിയത് 22434 പേരാണ്. 18ന് ക്ലിനിക്ക് ആരംഭിച്ചതു മുതലുള്ള കണക്കാണിത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്. പൊതുഅവധി ദിവസങ്ങളിലും ക്ലിനിക്കുണ്ടാകും. ജില്ലയിലെ ഏഴ് ഹെൽത്ത് ബ്ലോക്കുകളിലെ 309 ജനകീയാരോഗ്യകേന്ദ്രങ്ങളിലും നാഷ്ണൽ ഹെൽത്ത് മിഷന്റെ അഞ്ച് കേന്ദ്രങ്ങളും ഉൾപ്പെടെയാണ് 314 കേന്ദ്രങ്ങൾ. ആരോഗ്യ ബോധവത്കരണം, പ്രതിരോധ പ്രവർത്തനങ്ങൾ, സാംക്രമികേതര രോഗങ്ങൾ നേരത്തെ കണ്ടെത്തൽ, സ്‌പെഷ്യലിസ്റ്റ് കൺസൾട്ടേഷനുകൾ ലഭ്യമാക്കൽ എന്നിവയിലൂടെ സ്ത്രീകളുടെ ആരോഗ്യ സേവനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. കുടുംബാരോഗ്യ കേന്ദ്രങ്ങൾ (എഫ്.എച്ച്.സി), ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രങ്ങൾ (ബി.എഫ്.എച്ച്.സി ), കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ (സി.എച്ച്.സി) എന്നിവയിലൂടെയാണ് സേവനം. ആരോഗ്യ പരിശോധനകൾക്ക് പുറമേ ഐ.ഇ.സി ക്യാമ്പയിനുകളിലൂടെയും ജനപങ്കാളിത്തത്തോടെയുള്ള ഇതര പ്രവൃത്തികളിലൂടെയും പദ്ധതിയെക്കുറിച്ച് പ്രത്യേക ബോധവത്കരണം നടത്തുന്നുണ്ട്. നാഷ്ണൽ ആയുഷ് മിഷന്റെ സഹകരണത്തോടെ നടത്തുന്ന ഈ പ്രത്യേക ക്യാമ്പയിൻ 2026 മാർച്ച് എട്ട് വരെയുണ്ടാകും.സ്ത്രീകളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിലൂടെ കുടുംബങ്ങളെ ശക്തമാക്കാൻ ലക്ഷ്യമിടുന്ന പ്രധാനമന്ത്രിയുടെ 'സ്വസ്ഥ് നാരി സശക്ത് പരിവാർ' (എസ്.എൻ.എസ്.പി.എ) പദ്ധതിയുടെ തുടർച്ചയാണ് സ്ത്രീ ക്ലിനിക്കുകൾ.

ഹെൽത്ത് ബ്ലോക്കുകൾ: മുട്ടം, പുറപ്പുഴ, രാജാക്കാട്, ചിത്തിരപുരം, പാമ്പാടുംപാറ, ഉപ്പുതറ, വണ്ടിപ്പെരിയാർ

എൻ.എച്ച്.എം കേന്ദ്രങ്ങൾ: തൊടുപുഴ- പാറക്കടവ്, കട്ടപ്പന - വാഴവര എന്നിവയുടെ കീഴിലുള്ള അഞ്ച് കേന്ദ്രങ്ങൾ.


ക്ലിനിക്കിലെ സേവനങ്ങൾ

വിളർച്ച, പ്രമേഹം, രക്തസമ്മർദം, വായിലെ കാൻസർ, ഗർഭാശയഗള കാൻസർ എന്നിവയുൾപ്പെടെ 10 തരം പരിശോധനകളും കുഞ്ഞുങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പുകളും ഗർഭകാല പരിചരണവും മുലയൂട്ടൽ, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുള്ള പരിചരണവും ഇവിടെ ലഭിക്കും. ആഴ്ചയിൽ ഒരു ദിവസം പി.എച്ച്.സി, സി.എച്ച്.സി, എഫ്.എച്ച്.സി തലങ്ങളിൽ സ്‌പെഷലിസ്റ്റ് കൺസൾട്ടേഷനും നൽകും. തുടർചികിത്സ ആവശ്യമുള്ളവർക്ക് വിദഗ്ദ്ധ മെഡിക്കൽ സേവനങ്ങളും ലഭ്യമാക്കും. മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ, ആശാ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ - സന്നദ്ധ പ്രവർത്തകർ എന്നിവരിലൂടെ സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചാണ് പ്രവർത്തനങ്ങൾ.

'ക്ലിനിക്കിന്റെ പ്രവർത്തനങ്ങൾ ജില്ലയിൽ മികച്ച രീതിയിൽ നടക്കുകയാണ്. ദൈനംദിന പ്രവർത്തന റിപ്പോർട്ടുകൾ അടക്കം തയ്യാറാക്കിയുള്ള ചിട്ടയായ പ്രവർത്തനമാണിതിൽ. പൊതു അവധിദിനങ്ങളിലും സേവനമുണ്ടാകും"

ഡോ. സിബി ജോർജ് ( ആർ.സി.എച്ച് ഓഫീസർ,ഇടുക്കി)