ആലക്കോട്: 1926ൽ സ്ഥാപിതമായ ആലക്കോട് ഇൻഫന്റ് ജീസസ് എൽ.പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് മുന്നോടിയായി ഇന്ന് രാവിലെ 10.30ന് കലയന്താനിയിൽ നിന്ന് കുമ്പംകല്ല് വരെ ശതാബ്ദി വിളംബര ബൈക്ക് റാലി നടത്തും. സ്‌കൂൾ മാനേജർ ഫാ. ജോസ് അറയ്ക്കൽ നേതൃത്വം നൽകുന്ന 101 ബൈക്കുകൾ അണിനിരക്കുന്ന വിളംബര റാലി തൊടുപുഴ ഡിവൈ.എസ്.പി പി.കെ. സാബു ഫ്ളാഗ് ഒഫ് ചെയ്യും. തൊടുപുഴ എ.ഇ.ഒ എസ്. ലീന മുഖ്യപ്രഭാഷണം നടത്തും. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം സമ്മാന കൂപ്പൺ ലോഞ്ചിംഗ് നടത്തും. സ്‌കൂൾ ഹെഡ്മിസ്ട്രസ് റവ. സി. സൗമ്യ എസ്.എച്ച് സ്വാഗതം ആശംസിക്കും. ആലക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു, ഇടവെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ, വാർഡ് മെമ്പർ കിരൺ രാജു, ആലക്കോട് ഇടവക അസിസ്റ്റന്റ് വികാരി റവ. ഫാദർ കുര്യാക്കോസ് കണ്ണമ്പിള്ളി, പി.ടി.എ പ്രസിഡന്റ് എം.എസ്. ശരത്, എം.പി.ടി.എ പ്രസിഡന്റ് നിസ മുഹമ്മദ് എന്നിവ‌ർ പങ്കെടുക്കും.