
തൊടുപുഴ : സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ മേഖലയിലെ വികലമായ പരിഷ്‌കാരങ്ങൾക്കും നയങ്ങൾക്കും ആനുകൂല്യ നിഷേധങ്ങൾക്കുമെതിരെ കെ.പി.എസ്.ടി.എ നേതൃത്വം നൽകുന്ന പൊതുവിദ്യാഭ്യാസ പരിവർത്തന സന്ദേശ യാത്ര 'മറ്റൊലിക്ക്' തൊടുപുഴയിൽ സ്വീകരണം നൽകി. സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ് ജാഥ ക്യാപ്റ്റനായും ജാഥ. ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു ഉദ്ഘാടനം ചെയ്തു. വികലമായ നയങ്ങൾ മൂലം വിദ്യാഭ്യാസമേഖല ശിഥിലീകരിക്കപ്പെട്ടിരിക്കുന്നു. വർഷാവർഷം ലക്ഷക്കണക്കിന് കുട്ടികളാണ് പൊതു വിദ്യാഭ്യാസത്തിൽ കുറവ് വന്നുകൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് അദ്ധ്യാപകരുടെ നിയമനങ്ങളാണ് വർഷങ്ങളായി അംഗീകരിക്കപ്പെടാതെ കിടക്കുന്നത്. എല്ലാ മേഖലയിലും സർക്കാർ വൻപരാജയമായി മാറിയതായും ഈ സാഹചര്യത്തിൽ രാജിവച്ച് പുറത്തു പോകാൻ തയ്യാറാകണമെന്നും സി.പി മാത്യു ആവശ്യപ്പെട്ടു. സംഘാടക സമിതി ചെയർമാൻ കെ.ദീപക് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ , മുൻഡി.സി,സി പ്രസിഡന്റ് റോയി കെ പൗലോസ് , സംസ്ഥാന സെക്രട്ടറി പി.എം നാസർ , സീനിയർ വൈസ് പ്രസിഡന്റ് ബി. സുനിൽ കുമാർ, അസോസിയേറ്റ് ജനറൽ സെക്രട്ടറി എൻ. രാജ്‌മോഹൻ, വൈസ് പ്രസിഡന്റുമാരായ ടി.യു സാദത്ത്, അനിൽ വെഞ്ഞാറമൂട് , സാജു ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.