മുട്ടം: ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് മുട്ടം പഞ്ചായത്ത് പ്രദേശത്തെ ടൂറിസം സാദ്ധ്യതകൾ അറിയുന്നതിന് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം വിഭാഗവുമായി സഹകരിച്ച് മുട്ടം ടൂറിസം കൾച്ചറൽ സെസൈറ്റിയാണ് പദ്ധതി സംഘടിപ്പിക്കുന്നത്. ശനിയാഴ്ച്ച രാവിലെ 8.30ന് മുട്ടം ടാക്സി സ്റ്റാന്റിൽ നിന്നുംകെ.എസ്.ആർ.ടി.സി ബസ് യാത്ര തിരിക്കും. തുടർന്ന് ശങ്കരപ്പള്ളി പൂതക്കുഴി വെള്ളച്ചാട്ടം, പച്ചിലാംകുന്ന് വ്യൂ പോയിന്റ്, മലങ്കര അരുവിക്കുത്ത് വെള്ളച്ചാട്ടം, മലങ്കര അണക്കെട്ട് - വെള്ളച്ചാട്ടം -വ്യൂ പോയിന്റ്, മലങ്കര ടൂറിസം ഹബ്ബ് എന്നിങ്ങനെ പ്രദേശങ്ങളിൽ സന്ദർശനം നടത്തും. യാത്രയിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ വിവിധ കലാ പരിപാടികളും നടത്തപ്പെടും. ഉച്ചക്ക് 1. 30ന് യാത്ര മുട്ടം ടൗണിൽ തിരികെ എത്തിച്ചേരുമ്പോൾ സമാപന യോഗവും യാത്രാനുഭവങ്ങൾ പങ്ക് വെയ്ക്കലും നടത്തപ്പെടും. പ്രദേശത്തെ ടൂറിസം സാധ്യതകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നത്. തൊടുപുഴ മേഖലയിലെ വിവിധ സ്‌കൂൾ - കോളജ് വിദ്യാർത്ഥികൾ, റസിഡൻസ് അസോസിയേഷനുകൾ, മർച്ചന്റ് അസോസിയേഷൻ, വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ പ്രവർത്തകർ, സർക്കാർ ജീവനക്കാരുടെ സംഘടനകൾ തുടങ്ങിയവരുമായി സഹകരിച്ച് എല്ലാ മാസവും മുട്ടം പ്രദേശത്തെ ടൂറിസം സാദ്ധ്യതകളിലേക്ക് ഉല്ലാസ യാത്രകൾ സംഘടിപ്പിക്കുമെന്ന് കോർഡിനേഷൻ സമിതി അംഗങ്ങളായ ടോമി ജോർജ് മൂഴിക്കുഴിയിൽ, സുബൈർ പി.എം, സുജി പുളിക്കൽ, അജയൻ താന്നിക്കാമറ്റം എന്നിവർ അറിയിച്ചു.