ഇടുക്കി:ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്നതും ജലവിനോദത്തിനും ഗതാഗതത്തിനും ഏറെ ഭാവിയുമുള്ള സ്ഥലമാണ് ഇടുക്കിയെന്നും ഇവിടുത്തെ ജലഗതാഗതവും വിനോദവും അപകടരഹിതമായി മുൻപോട്ട് കൊണ്ടുപോകാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജസ്റ്റിസ് വി. കെ മോഹനൻ പറഞ്ഞു. താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട ജസ്റ്റിസ് വി. കെ മോഹനൻ ജുഡീഷ്യൽ കമ്മിഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന രണ്ടാം ഘട്ട പൊതു തെളിവെടുപ്പിന്റെയും ഹിയറിംഗിന്റെയും ഭാഗമായി കളക്ടേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ഇടുക്കി ജലാശയത്തിൽ ഒരു ബോട്ടുമാത്രമാണ് സർവീസ് നടത്തുന്നത്. മുമ്പ് കൂടുതൽ ബോട്ടുകൾ ഉണ്ടായിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെ റവന്യു വർദ്ധിപ്പിക്കുന്ന കാര്യങ്ങളാണ്. അതിനാൽ ഭാവിയിൽ കൂടുതൽ ബോട്ടുകൾ സർവീസ് നടത്തിയേക്കാം. അങ്ങനെ ഒരു സാഹചര്യത്തിൽ സുരക്ഷയ്ക്ക് പ്രാധാന്യം നൽകണമെന്നും കമ്മീഷൻ പറഞ്ഞു. ജില്ലയിൽ സ്വകാര്യ പങ്കാളിത്തത്തിലുള്ള വിവിധതരത്തിലുള്ള ജലഗതാഗത വിനോദങ്ങളിൽ അധികൃതർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം, കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന സ്ഥലങ്ങളിൽ പൊലീസ് സഹകരണം ഉറപ്പാക്കണം, എന്നിങ്ങനെ നിരവധി നിർദേശങ്ങൾ തെളിവെടുപ്പിൽ ഉയർന്നുവന്നു.

രജിസ്റ്റർ ചെയ്ത 10 പേരിൽ എട്ട് പേർ ഹിയറിംഗിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ജലഗതാഗത മേഖലയിൽ ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് പരിഹാര മാർഗങ്ങൾ ശുപാർശ ചെയ്യുക, നിലവിലുള്ള ലൈസൻസിങ് എൻഫോഴ്സ്‌മെന്റ് സംവിധാനങ്ങൾ പര്യാപ്തമാണോയെന്ന് പരിശോധിക്കുക, മുൻകാലങ്ങളിലുണ്ടായ ബോട്ട് അപകടങ്ങളെ തുടർന്ന് നിയോഗിച്ച അന്വേഷണ കമ്മീഷനുകൾ സമർപ്പിച്ച റിപ്പോർട്ടുകളിൽ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തെളിവെടുപ്പ് നടത്തുന്നത്. തെളിവെടുപ്പിൽ കമ്മിഷൻ അംഗങ്ങളായ കുസാറ്റ് ഷിപ്പ് ബിൽഡിങ് ടെക്‌നോളജി വിഭാഗം റിട്ട. പ്രൊഫസർ ഡോ. കെ. പി നാരായണൻ, കമ്മീഷൻ മെമ്പർ സെക്രട്ടറി ടി.കെ രമേഷ് കുമാർ, കോർട്ട് ഓഫീസർ ജി. ചന്ദ്രശേഖരൻ, കമ്മിഷൻ ജോയിന്റ് സെക്രട്ടറി ശിവ പ്രസാദ്, കമ്മിഷൻ അഭിഭാഷകൻ അഡ്വ. ടി.പി രമേശ്, എ.ഡി.എം ഷൈജു പി. ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ മൂന്നാമത്തെ തെളിവെടുപ്പ് ഇന്ന് കുമളി ഡി.ടി.പി.സി ഹാളിലും നടക്കും. ഹിയറിംഗിൽ പൊതുജനങ്ങൾക്ക് ജലഗതാഗതം, ജലവിനോദം എന്നിവയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ സൗകര്യമുണ്ടായിരിക്കും.

താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട ജുഡീഷ്യൽ കമ്മിഷൻ ജസ്റ്റിസ് വി. കെ മോഹനൻ സംസ്ഥാന വ്യാപകമായി നടത്തുന്ന രണ്ടാം ഘട്ട പൊതു തെളിവെടുപ്പ് ഇടുക്കിയിൽ നടത്തുന്നു