
നാടൊരുമിച്ചത് വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിനായി
തൊടുപുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിനെയും കൊണ്ട് കൊല്ലത്ത് നിന്ന് ആംബുലൻസ് തൊടുപുഴയിൽ എത്തിയത് വെറും രണ്ടര മണിക്കൂർ കൊണ്ട്. അപകടത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ് കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന തൊടുപുഴ തട്ടക്കുഴ സ്വദേശി നടപ്രയിൽ വീട്ടിൽ വിഷ്ണുവിനെയാണ് (29) അടിയന്തരമായി മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിൽ എത്തിച്ചത്. രാവിലെ 11.56ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട ആംബുലൻസ് 155 കിലോമീറ്ററോളം സഞ്ചരിച്ചാണ് 2.20ന് മുതലക്കോടത്ത് എത്തിയത്. സാധാരണ പകൽ സമയങ്ങളിൽ യാത്രയ്ക്ക് നാല് മണിക്കൂറിലധികം സമയം ആവശ്യമാണ്. പ്രാഥമികമായ ശസ്ത്രക്രിയക്ക് ശേഷം തുടർ ചികിത്സക്കുള്ള സൗകര്യാർത്ഥമാണ് തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റിയത്. തലയോട്ടി ഫ്രീസ് ചെയ്തു കൊണ്ടുവരുന്നതിനാൽ നാല് മണിക്കൂറിനുള്ളിൽ എത്തിക്കണമായിരുന്നു. ഈ ദൗത്യമാണ് തൊടുപുഴയിലെ KL-29 H 2336 എന്ന ഫീനിക്സ് ആംബുലൻസ് ഏറ്റെടുത്തത്. കൊല്ലം, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, പാല, തൊടുപുഴ, മുതലക്കോടം എന്നിങ്ങനെയായിരുന്നു നിശ്ചയിച്ചിരുന്ന പാത. ഡ്രൈവറായ തൊടുപുഴ സ്വദേശി മുഹമ്മദ് ഫസൽ, ചികിത്സാ സഹായനിധി കോർഡിനേറ്റർ പട്ടയംകവല സ്വദേശി എം.എം. അൻസാരി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ചെറുതോണി സ്വദേശി സമീഷ് മാർക്കോസ്, വിഷ്ണുവിന്റെ പിതാവ് ബിജു, ഇവരുടെ ഒരു ബന്ധു എന്നിവരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. പുറപ്പെട്ട സമയം മുതൽ പൊലീസും നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും ആംബുലൻസ് സംഘടന പ്രവർത്തകരും റോഡിൽ സുഗമമായ സഞ്ചാരമൊരുക്കി. വാഹനത്തിന് പൈലറ്റായി ഓരോ സ്റ്റേഷൻ പരിധിയിലും പൊലീസ് ഉണ്ടായിരുന്നു. മുതലക്കോടം ആശുപത്രിയിൽ എത്തുംവരെ പൊലീസ് കരുതൽ ഉണ്ടായിരുന്നു. ആശുപത്രിയിൽ എത്തിച്ച വിഷ്ണുവിനെ ഡോക്ടർ അത്തീഖിന്റെ നേതൃത്വത്തിൽ പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഐ.സി.യുവിലേക്ക് മാറ്റി. ഡോജോളി ജോർജിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ സംഘം വിഷ്ണുവിനെ ചികിത്സിക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
അപകടം ആഗസ്റ്റ് 15ന്
കൊല്ലത്ത് ഷെഫായി ജോലി ചെയ്തിരുന്ന വിഷ്ണു ജോലി സ്ഥലത്തേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഈ പ്രത്യേക സാഹചര്യത്തിൽ തലയോട്ടി ശസ്ത്രക്രിയ ചെയ്ത് മാറ്റിവെച്ചിരിക്കുകയാണ്. ഇത് തിരികെ തലയിൽ സ്ഥാപിക്കണം. തലച്ചോർ വികസിച്ചതിനാൽ ഇത് ചുരുങ്ങി സാധാരണ രീതിയിലായാലേ ശസ്ത്രക്രിയ സാദ്ധ്യമാകൂ. ഇതിന് മൂന്ന് മാസംവരെ സമയമെടുക്കാനും സാദ്ധ്യതയുണ്ട്. ഇതിനോടകം 10 ലക്ഷത്തിലധികം രൂപ ചികിത്സക്കായി. തുടർ ചികിത്സയ്ക്ക് വലിയ തുക വേണ്ടിവരും. ചികിത്സാ ചെലവ് ഭീമമായതോടെയാണ് കുറഞ്ഞ ചികിത്സ വാഗ്ദനം ചെയ്ത ഹോളിഫാമിലി ആശുപത്രിയിൽ എത്തിയത്. വാടകയ്ക്ക് താമസിക്കുന്ന കൂലിപ്പണിക്കാരനായ ബിജുവും ഭാര്യ ഗീതയും മകന്റെ ചികിത്സ നടത്തുന്നത് നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റി വഴി സമാഹരിച്ച സഹായധനത്തിലൂടെയാണ്.