ഇടുക്കി: മനുഷ്യ - വന്യജീവി സംഘർഷ ലഘൂകരണത്തിന്റെ ഭാഗമായുള്ള തീവ്രയജ്ഞ പരിപാടിയുടെ ഒന്നാം ഘട്ടത്തിൽ ജില്ലയിൽ 27 പരാതികൾ തീർപ്പാക്കി, ജില്ലയിൽ നിന്നും 212 പരാതികളാണ് ആകെ ലഭിച്ചത്. ഹൈറേഞ്ചു സർക്കിളിൽ 32 പഞ്ചായത്തുകളിൽ വനം വകുപ്പിന്റെ പഞ്ചായത്തുതല യോഗങ്ങൾ നടത്തി. നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നതിന് എം.പാനൽ ചെയ്തിരിക്കുന്ന തോക്ക് ലൈസൻസ് ഉള്ളവരുടെ എണ്ണം വളരെ പരിമിതമാണെന്നും പുതുതായി ഗൺ ലൈസൻസ് കിട്ടുവാനുള്ള നടപടി ക്രമങ്ങൾ സങ്കീർണ്ണമാണെന്നും ആയതിനാൽ വിമുക്ത ഭടൻമാരുടെ സേവനം ലഭ്യമാക്കാവുന്നതാണെന്നും കൂടാതെ വനം വകുപ്പിന്റെ ദ്രുതകർമ സേനയ്ക്ക് കാട്ടുപന്നികളെ കൊല്ലുവാൻ ഉപയോഗിക്കാൻ പറ്റുന്ന തോക്കുകൾ ലഭ്യമാക്കണമെന്നുമുള്ള അഭിപ്രായം പഞ്ചായത്ത് തല യോഗങ്ങളിൽ ഉയർന്നു. ഇടുക്കിയിലെ ഏലക്കൃഷി മേഖലകളിലെ കുരങ്ങ് ശല്യം വളരെ രൂക്ഷമാണെന്നും ഇവയെ പിടികൂടി ഉൾവനങ്ങളിൽ തുറന്നു വിടണമെന്നും പ്രജനനം നിയന്ത്രിക്കുന്നതിനായി വന്ധീകരണം ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. മറ്റ് പഞ്ചായത്തുകളിൽ ഉടൻ യോഗം ചേരും.