കട്ടപ്പന: വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ മാട്ടുക്കട്ട മൃഗാശുപത്രിയുടെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ. മൃഗാശുപത്രിയുടെ വൈദ്യുതി ഉപയോഗിച്ചാണ് മാർക്കറ്റ്, സർക്കാർ സ്ഥാപനങ്ങൾ, പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങൾ എന്നിവയിലേയ്ക്ക് വെള്ളം എടുക്കുന്നത്. ഫ്യൂസ് ഊരിയതോടെ പ്രാഥമിക ആവശ്യങ്ങൾക്കുപോലും വെള്ളം ഇല്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ രണ്ടുവർഷമായി മൃഗാശുപത്രിയിൽ നിന്നാണ് വെള്ളത്തിന്റെ കറന്റ് ബില്ല് നൽകി വന്നിരുന്നത്. എന്നാൽ വ്യാപാരികൾ ഉൾപ്പെടെ ബിൽ അടയ്ക്കാറില്ലന്നും ആശുപത്രിക്ക് പഞ്ചായത്ത് നൽകിയ ഫണ്ട് തീർന്നുപോയതാണ് പ്രതിസന്ധിക്ക് കാരണമെന്നും അധികൃതർ പറയുന്നു. പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ പരിഹാര മാർഗങ്ങൾ ഉടൻ തന്നെ ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോൾ ജോൺസൺ പറഞ്ഞു.