
നെടുങ്കണ്ടം: ഇടുക്കിയിലെ തോട്ടങ്ങളിലേക്ക് തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളെ കുത്തിനിറച്ച് അമിതവേഗതയിൽ പായുന്ന ജീപ്പുകൾ അപകടത്തിൽപ്പെടുന്നത് സ്ഥിരം സംഭവമായിട്ടും തടയിടാനാകുന്നില്ല. 10 വർഷത്തിനിടെ ജീവൻ നഷ്ടപ്പെട്ടത് മുപ്പതോളം പേർക്കാണ്. അപകട മരണങ്ങൾ തുടർക്കഥയായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. തമിഴ് തൊഴിലാളികളുമായി വാഹനങ്ങൾ ചീറിപായുന്നത് വൻ അപകടങ്ങളാണ് ക്ഷണിച്ചുവരുത്തുന്നത്. മതിയായ രേഖകളില്ലാത്ത കാലഹരണപ്പെട്ട വാഹനങ്ങളിൽ അനുവദനീയമായതിൽ കൂടുതൽ ആളുകളെ കയറ്റുന്നതും അമിത വേഗതയുമാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നത്. തോട്ടങ്ങളിൽ തൊഴിലാളികൾ കുറവായതിനാൽ കൂടുതൽ ആളെ എത്തിക്കുന്നതിന് ഡ്രൈവർമാർക്ക് കൂടുതൽ തുക ലഭിക്കും. അതുകൊണ്ട് ഏഴും എട്ടും പേർക്ക് വരെ യാത്ര ചെയ്യാനാകുന്ന ജീപ്പുകളിൽ 15 പേരെ വരെ കുത്തിനിറച്ചാണ് അപകടകരമായ യാത്ര. പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ഇടവഴികളിലൂടെയാണ് ഇവർ തൊഴിലാളികളെ കൊണ്ടുപോകുന്നത്. ചെങ്കുത്തായ ഇടുങ്ങിയ റോഡിലൂടെയുള്ള അമിതയാത്രയും അപകടത്തിന് കാരണമാകുന്നുണ്ട്. ശ്വാസം വിടാൻപോലും കഴിയാത്ത വിധത്തിൽ ആളെ കുത്തിനിറച്ച് ചീറിപാഞ്ഞെത്തുന്ന വാഹനങ്ങൾ എല്ലാം അതിർത്തി ചെക്‌പോസ്റ്റുകൾ വഴിയാണ് കടന്നുവരുന്നത്. അതിർത്തി ചെക്‌പോസ്റ്റുകളിൽ വാഹനങ്ങൾ ഒരു പരിശോധന പോലുമില്ലാതെയാണ് കടത്തിവിടുന്നത്. അപകടങ്ങൾ തുടർക്കഥയായിട്ടും തൊഴിലാളി വാഹനങ്ങളുടെ മരണപ്പാച്ചിലിന് തടയിടാൻ അധികൃതർക്കാവുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. എന്നാൽ പരിശോധനകൾ ആരംഭിക്കുന്നതോടെ തമിഴ്നാട്ടിൽ നിന്ന് തൊഴിലാളികളുടെ വരവ് നിലയ്ക്കുമെന്നാണ് കർഷകരുടെ ആശങ്ക.
ദിവസവുമെത്തുന്നത് ആയിരങ്ങൾ
ദിവസവും ആയിരക്കണക്കിന് തമിഴ് തൊഴിലാളികളാണ് ഹൈറേഞ്ചിലെ തോട്ടം മേഖലയിൽ തൊഴിൽ തേടിയെത്തുന്നത്. വണ്ടിയോടിക്കുന്നവരുടെ ആർത്തിയും അശ്രദ്ധയും കാരണം കുടുംബം പോറ്റാനായി അതിർത്തി കടന്നെത്തുന്നവരുടെ ചേതനയറ്റ ശരീരമാകും പലപ്പോഴും തിരികെ വീട്ടിലെത്തുക. അല്ലെങ്കിൽ പരസഹായമില്ലാതെ ജീവിക്കാനാകാത്ത വിധം ജീവച്ഛവങ്ങളായി മാറും. ഉപജീവനത്തിനായി തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേയ്‌ക്കെത്തുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലാ ഭരണകൂടമടം ഇടപെടണമെന്ന ആവശ്യമാണ് ഉയരുന്നത്.
അനങ്ങാതെ പൊലീസ്
മുമ്പ് അപകടം ഉണ്ടായപ്പോൾ അനധികൃത ട്രിപ്പ് ജീപ്പുകൾ പരിശോധിക്കുമെന്നും കർശന നടപടിയെടുക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് അപകടം പതിവാകാൻ കാരണമെന്ന ആക്ഷേപം ശക്തമാണ്. അപകടങ്ങളേറിയതോടെ കേരള- തമിഴ്നാട് അതിർത്തിയിൽ കമ്പംമെട്ട് പൊലീസ് പരിശോധന ആരംഭിച്ചിരുന്നു. എന്നാൽ പിന്നീട് നിലച്ചു. മോട്ടർ വാഹന വകുപ്പും പരിശോധന ശക്തമാക്കണമെന്നാണ് ആവശ്യമുയരുന്നത്.
തൊഴിലാളികളുമായെത്തിയ ജീപ്പ് മറിഞ്ഞ് 16 പേർക്ക് പരിക്ക്
നെടുങ്കണ്ടം: തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളുമായി ഏലത്തോട്ടത്തിലേക്ക് പോകുന്ന ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ് 16 പേർക്ക് പരിക്ക്. എല്ലാവരും തമിഴ്നാട് സ്വദേസികളാണ്. സാരമായി പരിക്കേറ്റ നാലു പേരെ തമിഴ്നാട്ടിലെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ല. വ്യാഴാഴ്ച രാവിലെ എട്ടോടെ താന്നിമൂട് കോമ്പയാർ റോഡിൽ നിന്ന് വാസുകുട്ടൻപാറ റോഡിലേക്കുള്ള കയറ്റം കയറുന്നതിനിടെയായിരുന്നു അപകടം. തൊഴിലാളികളെ കുത്തി നിറച്ചെത്തിയ വാഹനം കയറ്റത്തിൽ നിന്ന് പോവുകയും മുന്നോട്ട് എടുക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തലകുത്തനെ മറിയുകയുമായിരുന്നു. സ്ഥലത്തെത്തിയ നെടുങ്കണ്ടം അഗ്നിരക്ഷാസേനയും സമീപത്തുണ്ടായിരുന്ന മണ്ണുമാന്തിയന്ത്രവും ഉപയോഗിച്ചാണ് വാഹനം ഉയർത്തി തൊഴിലാളികളെ പുറത്തെത്തിച്ചത്. 17തൊഴിലാളികളും ഡ്രൈവറും ഉൾപ്പെടെ 18 പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. തേനി, കോംബൈ അടിവാരത്ത് നിന്ന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്.