 സിറ്റിംഗ് നിലച്ചിട്ട് 10 മാസം  കെട്ടിക്കിടക്കുന്നത് അഞ്ഞൂറോളം പരാതികൾ


തൊടുപുഴ: കമ്മിഷൻ അംഗങ്ങളുടെ ഒഴിവ് നികത്താൻ സർക്കാർ തയ്യാറാകാത്തതിനെ തുടർന്ന് ഉപഭോക്താക്കളുടെ പരാതികൾ പരിഗണിക്കുന്ന ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ പ്രവർത്തനം മാസങ്ങളായി താളംതെറ്റിയ നിലയിൽ. 10 മാസത്തോളമായി സിറ്റിംഗ് കൃത്യമായി നടക്കാത്തതിനാൽ അഞ്ഞൂറോളം കേസുകളാണ് കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ മുതൽ സിറ്റിംഗ് കമ്മിഷൻ പാനലിൽ ആവശ്യത്തിന് അംഗങ്ങളില്ലാത്തതിനാൽ ഇൻഷുറൻസ്, ജി.എസ്.ടി, വ്യാപാര തർക്കങ്ങൾ ഉൾപ്പെടെ ഉപഭോക്താക്കളുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും കെട്ടിക്കിടക്കുകയാണ്. മൂന്ന് അംഗ സിറ്റിംഗ് കമ്മിഷനും ജീവനക്കാരും ഉൾപ്പെടെ 15 ജീവനക്കാർ ഇവിടെയുണ്ട്. കൃത്യമായി സിറ്റിംഗ് നടക്കാത്തതിനാൽ കേസുകൾ കെട്ടിക്കിടക്കുന്നത് പരാതിക്കാർക്കും ജീവനക്കാർക്കും പ്രതിസന്ധിയാവുകയാണ്. നിലവിൽ അദാലത്ത് മാത്രമാണ് നടക്കുന്നത്. മുമ്പ് സിറ്റിംഗ് നടത്തിയ കേസുകൾ പരസ്പരം പറഞ്ഞ് തീർപ്പാക്കാനായി കമ്മിഷനാണ് അദാലത്തിന് നിർദ്ദേശം നൽകുന്നത്. മീഡിയേറ്ററും അഭിഭാഷകരും ചർച്ച നടത്തി പ്രശ്നം തീർപ്പാക്കും. മാസത്തിൽ നാലാമത്തെ ശനിയാഴ്ചയാണ് അദാലത്ത് നടക്കുക. ഇതിന് പുറമെ എല്ലാ മാസവും 29ന് പ്രത്യേക അദാലത്ത് നടത്തും. അമ്പതോളം കേസുകൾ ഇതിൽ പരിഗണിക്കാം. കേസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനുള്ള സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് ഈ നടപടി. കുയിലിമലയിലെ നിർമ്മിതി കേന്ദ്രത്തിലാണ് ജില്ലാ ഉപഭോക്തൃ കോടതി പ്രവർത്തിക്കുന്നത്.

നിലവിലുള്ളത്

പ്രസിഡന്റ് മാത്രം

മൂന്നംഗ കമ്മിഷൻ പാനലിൽ പ്രസിഡന്റ്, രണ്ട് അംഗങ്ങൾ എന്നിവർ അടങ്ങുന്നതാണ്. ഇതിൽ പ്രസിഡന്റ് മാത്രമാണ് നിലവിലുള്ളത്. രണ്ട് അംഗങ്ങളുടെ ഒഴിവ് നികത്തിയിട്ടില്ല. ഒരു അംഗത്തിന്റെ കാലാവധി കഴിഞ്ഞതിനാൽ പുതിയ നിയമനം സർക്കാർ നടത്തണം. മറ്റൊരു അംഗം ചുമതല ഒഴിഞ്ഞതോടെ ഫലത്തിൽ രണ്ട് അംഗങ്ങളും ഇല്ലാത്ത അവസ്ഥയായി. കേസ് തീർപ്പാക്കാൻ പ്രസിഡന്റ് ഉൾപ്പെടെ രണ്ട് അംഗങ്ങൾ മതി. ഇതിനായുള്ള നടപടികൾ വേഗത്തിലാക്കാൻ കോട്ടയം ജില്ലാ ഉപഭോക്തൃ കോടതിയിലെ ഒരു അംഗത്തെ ഇടുക്കിയിലേക്ക് സർക്കാർ മാറ്റി നിയമിച്ചെങ്കിലും വിഞ്ജാപനം പുറത്തിറക്കാത്തതിനാൽ നിയമനം വൈകുകയാണ്. ജില്ലയിൽ പ്രസിഡന്റായി ഇരിക്കുന്നത് റിട്ട. ജഡ്ജിയാണ്. ഏതെങ്കിലും വിഷയത്തിൽ ബിരുദവും, ഏതെങ്കിലും മേഖലയിൽ 15 വർഷം പ്രവൃത്തിപരിചയമുള്ള 35 വയസായവർക്ക് അപേക്ഷിക്കാം. അംഗങ്ങൾക്ക് എൽ.എൽ.ബിയാണ് യോഗ്യത. മറ്റ് യോഗ്യതകൾ സമാനമാണ്.


''ഇടുക്കിയിൽ കമ്മിഷൻ അംഗം ഉടൻ ചുമതലയേൽക്കും. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. പുതിയ നിയമനത്തോടെ പ്രശ്ന പരിഹാരമാകും""

-സൂപ്രണ്ട് (സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഓഫീസ്, തിരുവനന്തപുരം)