തൊടുപുഴ: കാളിയാർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾതല യൂണിറ്റ് ക്യാമ്പിൽ ആനുകാലിക പ്രാധാന്യമുള്ള രണ്ട് പുതിയ പ്രോജക്ടുകൾക്ക് തുടക്കം കുറിക്കുന്നു. ലഹരി വിരുദ്ധ നവകേരളം പദ്ധതിയുടെ ഭാഗമായ ആന്റി ഡ്രഗ്സ് ആർമിയുടെ പ്രവർത്തന ഉദ്ഘാടനം ഇന്ന് നടക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 5 ന് തൊടുപുഴ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഒ.എച്ച് മൻസൂർ ഉദ്ഘാടനം നിർവഹിക്കും. സ്‌കൂൾ മാനേജർ ഫാ. ജോസഫ് മുണ്ടുനടയിൽ അദ്ധ്യക്ഷത വഹിക്കും. രണ്ടാം ദിനമായ നാളെ രാവിലെ 9.30ന് വണ്ണപ്പുറം പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളിൽ നടപ്പാക്കുന്ന സമ്പൂർണ്ണ നീന്തൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ ഓർഗ ഓർഗനൈസിംഗ് കമ്മിഷണർ ജയസൂര്യ ഷാജി നിർവഹിക്കും. സമ്പൂർണ്ണ നിന്തൽ പരിശീലന പദ്ധതി നടപ്പാക്കുന്ന ജില്ലയിലെ ആദ്യത്തെ സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് എന്ന ബഹുമതിയും ഇതോടെ കാളിയാർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ കൈവരിക്കുകയാണ്.സ്‌കൂളിൽ നടക്കുന്ന ത്രിദിന ക്യാമ്പിന്റെ ഭാഗമായി റോഡ് സുരക്ഷ ഫയർ ആൻഡ് സേഫ്റ്റി,വ്യക്തിത്വ വികസനം പ്രഥമ ശുശ്രൂഷ, ജീവിത നൈപുണി വിദ്യാഭ്യാസം. യോഗ, ആരോഗ്യകരമായ ജീവിതശൈലി എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും. കൂടാതെ ക്യാമ്പിന്റെ ഭാഗമായി ട്രക്കിങ്ങും, ക്യാമ്പ് ഫയറും സംഘടിപ്പിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൾ ലൂസി ജോർജ്, ഫാ. സിജിൻ ജോർജ് ഓവേലിൽ, ബിജു ജോസഫ്, ജൂലിൻ ജോസ് എന്നിവർ പങ്കെടുത്തു.