തൊടുപുഴ: ട്രാവൻകൂർ കൊച്ചിൻ ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റേയും തൊടുപുഴ മർച്ചന്റ് അസോസിയേഷനും സംയുക്തമായി നാളെ അന്താരാഷ്ട്ര ടൂറിസം ദിനം ആഘോഷിക്കുന്നു. ടൂറിസവും സുസ്ഥിര പരിവർത്തനവും എന്ന ഈ വർഷത്തെ സന്ദേശം ഉൾക്കൊണ്ട് അന്താരാഷ്ട്ര ടൂറിസം ദിനം വിപുലമായ പരിപാടികളോടെയാണ് ഉപ്പുകുന്ന് ഹിൽ സ്റ്റേഷനിൽ ആഘോഷിക്കുന്നത്. തൊടുപുഴയിൽ നിന്ന് ടൂറിസ്റ്റുകളുടെ ഗ്രൂപ്പ് യാത്ര നാളെ ഉച്ച കഴിഞ്ഞ് 2.30 ന് തൊടുപുഴ ഡിവൈ.എസ്.പി പി.കെ സാബു മങ്ങാട്ടുകവലയിൽ ഫ്ളാഗ്ഓഫ് ചെയ്യും. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ ഇന്ദു സുധാകരൻ സന്ദേശം നൽകും. ഉപ്പുകുന്ന് പൈതൃക മ്യൂസിയം, തേയില തോട്ടം, അരുവിപ്പാറ, ട്വിലൈറ്റ് വ്യൂ. സന്ധ്യാ നേരത്തു ഗ്യാലക്സി പോയിന്റ് (മുറംകെട്ടിപ്പാറ) എന്നിവിടങ്ങൾ സന്ദർശിക്കും. വൈകുന്നേരം 6ന് ഉപ്പുകുന്ന് ട്രാവൻകൂർ കോട്ടേജിൽ വച്ച് ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ലതീഷ് ഉപ്പുകുന്നിലെ ടൂറിസം സാധ്യതകളെക്കുറിച്ച് സംസാരിക്കും, തുടർന്ന് ആദിവാസി കലാ പരിപാടികൾ അവതരിപ്പിക്കും. ടൂറിസം ദിനത്തോടനുബന്ധിച്ച് വെള്ളി,ശനി, ഞായർ ദിവസങ്ങളിൽ കുട്ടികൾക്ക് കുതിര സവാരി പകുതി ചാർജിൽ ആയിരിക്കും. ടൂർ കോ ചെയർമാൻ സുരേഷ് ബാബു, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, സെക്രട്ടറി സി.കെ നവാസ്,ടൂർ കോ- സെക്രട്ടറി കെ.വി ഫ്രാൻസിസ്, മർച്ചന്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷെറീഫ് സർഗം എന്നിവർ പങ്കെടുത്തു.