തൊടുപുഴ: വഴിത്തല ശാന്തിഗിരിയിൽ ഭിന്നശേഷി പുനരധിവാസത്തിന്റെ നൂതന പദ്ധതികളുടെ ഉദ്ഘാടനം 26ന് നടത്തുമെന്ന് ഡയറക്ടർ ഫാ. പോൾ പാറക്കാട്ടേൽ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ശാന്തിഗിരി കോളേജിലെ ഫാദർ ബീഡ് ഹാളിൽ ചേരുന്ന സമ്മേളനം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മൂവാറ്റുപുഴ കാർമ്മൽ പ്രൊവിൻഷ്യാൾ ഫാ. മാത്യു മഞ്ഞക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും. സാമൂഹ്യ നീതി ഓഫീസർ വി.എ. ഷംനാദ് മുഖ്യപ്രഭാഷണം നടത്തും. കാർമ്മൽ പ്രോവിൻസ് കൗൺസിലർ ഫാ. പോൾ കാടാംകുളം, ശാന്തിഗിരി കോളേജ് പ്രിൻസിപ്പൽ ഫാ. ജോസ് തുറവയ്ക്കൽ, പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഭാസ്‌കരൻ എന്നിവർ പ്രസംഗിക്കും. ഫാ. പോൾ പാറക്കാട്ടേൽ സ്വാഗതവും പി.പി. തങ്കപ്പൻ നന്ദിയും പറയും. 150 തടസ രഹിത ഭവന നിർമ്മാണ പദ്ധതിയായ ശാന്തി ഭവനം പദ്ധതി, 100 സ്വയം തൊഴിൽ പദ്ധതികൾ ഉൾപ്പെടുന്ന ശാന്തി ശാക്തീകരണം, മെഡിക്കൽ ക്യാമ്പുകൾ, ക്രിത്രിമോപകരണങ്ങളുടെ വിതരണം, ബോധവത്കരണ പരിപാടികൾ, പഠന വൈകല്യമുള്ള കുട്ടികളുടെ പരിശീലന കോഴ്സ്, ഉന്നത വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും, പുനരധിവാസ വിവര ശേഖരണവും പ്രചരണവും, ഭിന്നശേഷി സംഗമം, സെമിനാറുകൾ, തടസ രഹിത നിർമ്മാണ പ്രചാരവും വക്കാലത്തും തുടങ്ങിയ നൂതന പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്.