തൊടുപുഴ: തൊടുപുഴ നഗരത്തിൽ പച്ചക്കറി വിൽപ്പന നടത്തുന്ന വഴിയോരക്കച്ചവടക്കാരന്റെ പണം കവർന്നു. തൊടുപുഴ സ്വദേശി കല്ലേത്തും മാട്ടേൽ വീട്ടിൽ ഷക്കീറിന്റെ 4000 രൂപയോളമാണ് മോഷ്ടാവ് അപഹരിച്ചത്. ബുധനാഴ്ച വൈകിട്ട് 4.45 ഓടെയായിരുന്നു സംഭവം. പ്രൈവറ്റ് സ്റ്റാൻഡിന് സമീപമാണ് ഇദ്ദേഹം സ്ഥിരമായി ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്നത്. ഇതിന് സമീപമുള്ള ഷോപ്പിംഗ് കോംപ്ക്സിലെ ഒരു സ്ഥാപനത്തിൽ വിൽപ്പനയ്ക്ക് എടുത്ത പച്ച മുളക് നൽകുന്നതിനിടയിലായിരുന്നു മോഷണം. ഈ സമയം അപരിചിതനായ ഒരു വ്യക്തി കച്ചവടം നടത്തുന്ന ഉന്തുവണ്ടിയ്ക്ക് അരുകിൽ ഉണ്ടായിരുന്നു. ഇയാൾ മോഷണം നടത്തുന്നത് സമീപത്തെ കടയുടെ സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.