തൊടുപുഴ : ശ്രീകൃഷ്ണസ്വാമിക്ഷേത്ര സന്നിധിയിൽ ഒക്‌ടോബർ 7 മുതൽ 12 വരെ നടക്കുന്ന ഭഗവത്ഗീതാ ഭാഷ്യാപാരായണാഞ്ജലിയുടെ ഭാഗമായി കുട്ടികൾക്കുള്ള ചിത്രരചനാ മത്സരം 28ന് രാവിലെ 8 മുതൽ കൃഷ്ണതീർത്ഥം ഓഡിറ്റോറിയത്തിൽ നടക്കും. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് മത്സരം, 5-ാം ക്ലാസ് മുതൽ 8-ാം ക്ലാസ് വരെ 'ഗോവർദ്ധനോദ്ധാരണം' എന്ന വിഷയത്തെ അധികരിച്ചുള്ള ചിത്രരചനാ മത്സരം, 9-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് 'വിശ്വരൂപദർശനം' എന്ന വിഷയം അടിസ്ഥാനമാക്കി വാട്ടർ കളർ ചിത്രരചനാ മത്സരം എന്നീ ക്രമത്തിലാണ് കുട്ടികൾക്കുള്ള മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന കുട്ടികൾക്ക് സമ്മാനവും നൽകുന്നതായിരിക്കും. ദേശീയസെമിനാർ, ഭഗവത്ഗീതയെ ആധാരമാക്കി വിവിധ മത്സരങ്ങൾ എന്നിവ നാലാം തവണയാണ് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയിൽ നടക്കുന്നതെന്ന് ക്ഷേത്രം മാനേജിംഗ് ട്രസ്റ്റിയും രക്ഷാധികാരിയുമായ എൻ.ആർ. പ്രദീപ് നമ്പൂതിരിപ്പാട്, ചെയർമാൻ കെ.കെ. പുഷ്പാംഗദൻ, ജനറൽ കൺവീനർനാരായണശർമ്മ എന്നിവർ അറിയിച്ചു.