ആലക്കോട്: ഇൻഫന്റ് ജീസസ് എൽ.പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിളംബര ബൈക്ക് റാലി നടന്നു. കലയന്താനി ടൗണിൽ നടന്ന ചടങ്ങിൽ തൊടുപുഴ ഡിവൈ.എസ്.പി പി.കെ. സാബു റാലി ഫ്ളാഗ് ഓഫ് ചെയ്തു. സ്‌കൂൾ മാനേജർ ഫാ. ജോസ് അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തൊടുപുഴ എ.ഇ.ഒ എസ്. ലീന മുഖ്യപ്രഭാഷണം നടത്തി. സമ്മാന കൂപ്പൺ ലോഞ്ചിംഗ് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം നിർവഹിച്ചു. പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു, വൈസ് പ്രസിഡന്റ് ബൈജു ജോർജ്, ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ, അംഗങ്ങളായ ലീഗിൽ ജോ, കിരൺ രാജു, ജോസഫ് ചാക്കോ എന്നിവർ പങ്കെടുത്തു.
കലയന്താനി ഇടവക വികാരി ഫാ. ജോർജ് താനത്ത്പറമ്പിലും അദ്ധ്യാപിക സിസ്റ്റർ എസ്.എച്ച്. സൗമ്യ ചടങ്ങിൽ പങ്കാളികളായി. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. കലയന്താനി, മാർത്തോമ, കുമ്പംകല്ല് എന്നിവിടങ്ങളിൽ സ്വീകരണം ലഭിച്ച റാലി ഇടവെട്ടിയിൽ സമാപിച്ചു. സമാപന സമ്മേളനം ഇടവെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ ഉദ്ഘാടനം ചെയ്തു.