
കട്ടപ്പന : വാഹന അപകടത്തിൽ മരണപ്പെട്ട ജോയ്സ് പി ഷിബു വിദ്യാർത്ഥികളുടെ ചങ്ക് ബ്രൊ. രാവിലെ കോളേജിലെത്തിയ ഓരോ വിദ്യാർത്ഥികളും ഞെട്ടലോടെയാണ് തങ്ങളുടെ പ്രിയ അദ്ധ്യാപകന്റെ അപകട മരണം അറിഞ്ഞത്. തുടർന്ന് കലാലയം കണ്ണീരിലാഴ്ന്നു. അദ്ധ്യാപനം എന്ന സ്വപ്നത്തിനു ചിറകും മുളച്ച വേളയിലാണ് ദുർവിധി ജോയ്സിനേ തേടി എത്തിയത്.
പുളിയന്മല ക്രൈസ്റ്റ് കോളേജിൽ ബി ബി ,എ വിഭാഗത്തിൽ മാനേജ്‌മെന്റ് വിഷയമാണ് ജോയ്സ് പഠിപ്പിച്ചിരുന്നത്. 2019- 23 ബാച്ചിൽ ഇതേ കോളേജിൽ തന്നെ ബി.ബി. എ ബിരുദം പൂർത്തിയാക്കിയിരുന്നു. തുടർന്ന് ഏറ്റുമാനൂരിൽ പി.ജി പഠനം പൂർത്തിയാക്കിയ ശേഷം രണ്ടുമാസം മുമ്പാണ് ക്രൈസ്റ്റ് കോളേജിൽ അധ്യാപകനായി ചുമതലയേറ്റത്. 24ആം വയസ്സിൽ ലഭിച്ച ജോലി ഏറ്റവും ആത്മാർത്ഥതയായി നടത്തി വന്നു. അതിലുപരി വിദ്യാർത്ഥികളുടെ ചങ്ക് ബ്രോയായിരുന്നു ജോയ്സ്. പാഠപുസ്തകങ്ങൾക്കപ്പുറം വിവിധങ്ങളായ പരിപാടികൾ കോളേജിൽ സംഘടിപ്പിക്കാൻ ജോയ്സ് മുന്നിട്ടു നിന്നിരുന്നു. കലാലയത്തിലെ ടൂറിസം ക്ലബ്ബിന്റെ ഇൻചാർജ് കൂടിയായിരുന്നു അദ്ദേഹം. വടംവലി മത്സരമടക്കം കലാലയത്തിൽ സംഘടിപ്പിക്കുക്കാൻ നേതൃത്വം നൽകി. അധ്യാപകൻ വിദ്യാർത്ഥി ബന്ധത്തിനപ്പുറം സുഹൃത്തായി തന്നെയാണ് ജോയ്സ് കുട്ടികളുമായി ഇടപെട്ടിരുന്നത്. അതുകൊണ്ടുതന്നെ അദ്ധ്യാപകന്റെ പെട്ടെന്നുള്ള വിടവാങ്ങൽ ഓരോ വിദ്യാർത്ഥികൾക്കും താങ്ങാനാവുന്നതിനപ്പുറം ആയിരുന്നു.