കൽത്തൊട്ടിയിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കും
കട്ടപ്പന: കാഞ്ചിയാർ പഞ്ചായത്തിലെ വിവിധ റോഡുകളുടെ നിർമാണോദ്ഘാടനം 27ന് കൽത്തൊട്ടിയിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കും. പഞ്ചായത്തിൽ ഏകദേശം 108 കോടി രൂപയ്ക്ക് മുകളിലുള്ള പദ്ധതികളാണ് പൂർത്തിയായി വരുന്നത്. ശബരിമല പ്രോജക്ട് ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ മേലെ കാഞ്ചിയാർ നരിയമ്പാറ കൽത്തൊട്ടി വെള്ളിലാംകണ്ടം റോഡ് 10.60 കോടി രൂപ മുടക്കി ബി.എം ആൻഡ് ബിസി നിലവാരത്തിൽ പുനർനിർമിക്കുനതിന്റെയും സംസ്ഥാന സർക്കാരിന്റെ ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ പെടുത്തി കൽത്തൊട്ടി വെങ്ങാലൂർക്കട കോളനി റോഡ് 45ലക്ഷം രൂപയും, കൽത്തൊട്ടി ലബ്ബക്കട റോഡ് 40 ലക്ഷം രൂപ, വെളിലാങ്കണ്ടം കിഴക്കേ മാട്ടുക്കട്ട റോഡ് 40 ലക്ഷം എന്നീ റോഡുകളുടെയും നിർമാണ ഉദ്ഘാടനവുമാണ് നടക്കുന്നത്.
സമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം. പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, ജില്ല ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.വി വർഗീസ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജോൺ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ആശാ ആന്റണി, കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് തുടങ്ങിയവർ പങ്കെടുക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാർ, എം.വി. കുര്യൻ, വി.വി ജോസ്, പി.ജെ സത്യപാലൻ, അഭിലാഷ് മാത്യു എന്നിവർ പറഞ്ഞു.