തൊടുപുഴ: സവാരി പോകാൻ വിസമ്മതിച്ച ഓട്ടോറിക്ഷാ ഡ്രൈവർക്ക് മദ്യപാനിയുടെ മർദ്ദനത്തിൽ സാരമായ പരിക്ക്. തൊടുപുഴ ടൗണിലെ ഓട്ടോ ഡ്രൈവർ ഇടവെട്ടി വപ്പുഴഞാലിൽ എം.എസ്. ഷാജിയാണ് മർദ്ദനത്തിനിരയായത്. ചൊവ്വ രാത്രി 9.30നായിരുന്നു സംഭവം. പുളിമൂട് ജംഗ്ഷനിലെ ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ വ്യക്തിയാണ് ഷാജിയെ ക്രൂരമായി ആക്രമിച്ചത്. മദ്യപിച്ച് ബാറിനകത്ത് ബഹളമുണ്ടാക്കിയ ശേഷമാണ് ഇയാൾ വന്നതെന്നാണ് വിവരം. ഓട്ടോറിക്ഷയിൽ കയറി ഓട്ടം പോണമെന്ന് പറഞ്ഞപ്പോൾ ഡ്രൈവർ വിസമ്മതിച്ചു. പിന്നാലെയായിരുന്നു മർദനം. ഇടുപ്പെല്ലിനും കാൽമുട്ടിനും പരിക്കേറ്റ ഷാജി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിലാണ്. തൊഴിലാളിയെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്യണമെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഓട്ടോ ടാക്സി വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പരിക്കേറ്റ ഷാജി യൂണിയൻ അംഗവും സി.പി.എം ടൗൺ ബ്രാഞ്ച് അംഗവുമാണ്.