ഇടുക്കി:: ലോക വിനോദസഞ്ചാര ദിനമായ ഇന്ന് ഇടുക്കിയിൽ അധികമാരും അറിയാത്ത മനോഹരമായ ഒരു ടൂറിസം സ്പോട്ട് പരിചയപ്പെടാം.
ഇടുക്കി ജലാശയത്തിന്റെ തീരത്ത് പ്രകൃതി ഒരുക്കിയ ഒരു കണ്ണാടിത്തുരുത്തുണ്ട്- രാഘവൻകാനം. അണക്കെട്ടിൽ ജലനിരപ്പുയരുമ്പോൾ രാഘവൻകാനത്തെ മുളങ്കാടുകളെ ചുറ്റി വെള്ളം കയറിക്കിടക്കുന്നത് മനോഹരമായ കാഴ്ചയാണ്. മുളങ്കാടുകൾക്കിടയിലൂടെ ചങ്ങാടത്തിലുള്ള യാത്ര നവ്യാനുഭവമാണ്. ഒറ്റനോട്ടത്തിൽ വെള്ളത്തിലൂടെ മുളങ്കാടുകൾ ഒഴുകി നടക്കുന്ന പ്രതീതിയാണ്. വേനൽക്കാലത്ത് ജലനിരപ്പ് താഴുമ്പോൾ തീരത്ത് മുളയുടെ ഇലകൾ വീണ് മഞ്ഞപ്പട്ട് വിരിച്ചപോലെ മൈതാനമായി മാറും. കൂടാതെ ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന കാട്ടരുവിയും ഇവിടെയുണ്ട്. പ്രദേശവാസികൾ ഇവിടെ ചങ്ങാടത്തിൽ മത്സ്യബന്ധനം നടത്തുന്നുണ്ട്. വനംവകുപ്പിന്റെ അധീനതയിലുള്ള പ്രദേശത്ത് നിലവിൽ നാട്ടുകാരും ആദിവാസികളും മാത്രമാണ് എത്തുന്നത്. സമീപവാസികൾക്ക് പോലും അത്ര പരിചിതമല്ലാത്ത പ്രദേശമാണെങ്കിലും നിരവധി പേർ കേട്ടറിഞ്ഞ് ഇപ്പോൾ എത്തി തുടങ്ങിയിട്ടുണ്ട്. ചില മലയാള സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ടൂറിസം വകുപ്പ് ഈ സ്ഥലം ഏറ്റെടുത്താൽ വിനോദസഞ്ചാരത്തിന് അനന്തസാദ്ധ്യതയുള്ള പ്രദേശമാണിവിടം. ജലാശയത്തിന് മറുകരയിലാണ് പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ അഞ്ചുരുളി. ഇവിടേക്ക് ബോട്ടിംഗ് ആരംഭിക്കാവുന്നതാണ്. ഭാവിയിൽ കൂടുതൽ പേരെത്തി ചങ്ങാടത്തിലും മറ്റും സഞ്ചരിക്കുമ്പോഴുള്ള അപകടസാദ്ധ്യതകൾ ഒഴിവാക്കാൻ സുരക്ഷാക്രമീകരണങ്ങളും ഇവിടെയൊരുക്കണം.
എങ്ങനെയെത്താം
കട്ടപ്പന- കുട്ടിക്കാനം സംസ്ഥാനപാതയിൽ തൊപ്പിപ്പാളയിൽ നിന്ന് രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ രാഘവൻകാനത്തെത്താം. മറ്റപ്പള്ളി ജംഗ്ഷനും വനം വകുപ്പിന്റെ തേക്കിൻകാനവും പുൽമേടുകളും കടന്നുവേണം ഇവിടെയെത്താൻ.