ഇടുക്കി: മൂലമറ്റം ഫയർ സ്റ്റേഷന് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ 4.99 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. എത്രയും വേഗം സാങ്കേതിക അനുമതി കൂടി ലഭ്യമാക്കി ടെൻഡർ നടപടികളിലേക്ക് കടക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 2014 ഫെബ്രുവരി 21നാണ് മൂലമറ്റത്ത് ഫയർസ്റ്റേഷൻ ആരംഭിച്ചത്. വൈദ്യുതി വകുപ്പിന്റെ ഗോഡൗണിലാണ് നിലവിൽ ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. യൂണിറ്റ് സുഗമമായ പ്രവർത്തനത്തിന് ഈ കെട്ടിടം അപര്യാപ്തമായതിനാലാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ തീരുമാനമെടുത്തത്. ക്രെയിനുകളും മറ്റും സൂക്ഷിക്കാൻ നിർമ്മിച്ചതായതിനാൽ കെട്ടിടത്തിന്റെ മേൽക്കൂര എമ്പതടിയോളം ഉയരത്തിലായിരുന്നു. ടിൻ ഷീറ്റുകൾ കൊണ്ട് നിർമ്മിച്ച മേൽക്കൂര മഴക്കാലത്ത് ചോരുന്നെന്നും പരാതി ഉയർന്നിരുന്നു. പുതിയ കെട്ടിടം നിർമ്മിക്കുന്നതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വലിയ ഹാളിനെ പലതായി തിരിച്ച് ഓഫീസ്, വിശ്രമമുറി, കമ്പ്യൂട്ടർ റൂം, അടുക്കള എന്നിവ സജ്ജീകരിച്ചായിരുന്നു പ്രവർത്തനം.
=നിലവിലെ താത്കാലിക കെട്ടിടത്തിന് സമീപം ഒരേക്കർ ഭൂമിയിലാണ് പുതിയ കെട്ടിടം നിർമ്മിക്കുക.
രക്ഷാപ്രവർത്തനത്തിൽ
എന്നും മുന്നിൽ
കെ.എസ്.ഇ.ബിയുടെ അധീനതയിലുള്ള ഭൂമി ഫയർ സ്റ്റേഷനായി ലഭ്യമാക്കി നൽകുകയായിരുന്നു. അറക്കുളം, കുടയത്തൂർ, മുട്ടം, വെള്ളിയാമറ്റം പഞ്ചായത്തുകളിലായാണ് മൂലമറ്റം ഫയർ യൂണിറ്റിന്റെ പ്രവർത്തനം. മഴക്കാലത്തും മറ്റും രക്ഷാപ്രവർത്തനങ്ങൾക്കായി ഏറെ ഉത്തരവാദിത്വമുള്ള യൂണിറ്റാണ് മൂലമറ്റത്തേത്.