തൊടുപുഴ: 1964ലെ ചട്ടപ്രകാരം സർക്കാർ അളന്ന് പട്ടയം നൽകിയിരുന്ന പ്രദേശങ്ങൾ റവന്യൂ ഗോത്ര ഗ്രാമങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത് ഗുരുതരമായ പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്ന് ഊരു മൂപ്പൻമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2025 ഫെബ്രുവരി 3 ലെ ഉത്തരവ് പ്രകാരമാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. ഇത് പാർലമെന്റ് അംഗീകരിച്ച 2006ലെ കേന്ദ്ര വനനിയമം ദുർവ്യാഖ്യാനിക്കാൻ ഇടവരുത്തും. ആദിവാസികൾ സുഗന്ധവിളകളായ ഏലം, കാപ്പി, കുരുമുളക്, ധാന്യവിളകളും ഉൾപ്പെടെ വനംവകുപ്പിന്റെ ഉടമ്പടി വ്യവസ്ഥയോടെ കൃഷി ചെയ്തുവന്നിരുന്ന പ്രദേശങ്ങൾ അവരുടെ പിൻതലമുറക്കും അവകാശം നൽകണം. 64ലെ ചട്ടപ്രകാരം പട്ടയ നടപടികൾ നടന്നുകൊണ്ടിരിക്കുന്ന പ്രദേശങ്ങൾ റവന്യൂ ഗോത്ര ഗ്രാമങ്ങളുടെ ലിസ്റ്റിൽ നിന്നും അടിയന്തിരമായി മാറ്റണം. ഇത് ആതാത് വില്ലേജുകളിലെ ഊരുമൂപ്പൻമാരുടെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ പരിശോധിച്ച് ഉറപ്പു വരുത്തണം. ഊരു മൂപ്പൻമാരോ, ഊരുകൂട്ടങ്ങളോ ആവശ്യപ്പെടാതെയാണ് റവന്യൂ, വനം, ട്രൈബൽ വകുപ്പ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ ചേർന്ന് ഇത്തരമൊരു തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം. ഉപാധി രഹിത പട്ടയം ഉപാധിയില്ലാതെ നൽകണമെന്നിരിക്കെ പട്ടയ രേഖയിൽ എഫ്.ആർ ( ഫോറസ്റ്റ് റൈറ്റ് ) രേഖപ്പെടുത്തുന്നത് എന്തിനെന്നും ഇവർ ചോദിച്ചു. ജണ്ടയ്ക്ക് വെളിയിലുള്ള ഭൂമിയ്ക്ക് പട്ടയ നടപടികൾ നടന്നുകൊണ്ടിരുന്ന തൊടുപുഴ താലൂക്കിലെ വണ്ണപ്പുറം, വെള്ളിയാമറ്റം, ഉടുബന്നൂർ, അറക്കുളം, കുടയത്തൂർ എന്നീ വില്ലേജുകളിലെ പല ഗോത്ര പ്രദേശങ്ങളെയും ഇത് ബാധിക്കുമെന്നും ഊര് മൂപ്പൻമാർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ വി. എൻ. ബാലചന്ദ്രൻ, എം.ഐ ശശീന്ദ്രൻ, സി.കെ ദാമോദരൻ, ടി.ഐ നാരായണൻ, കെ.കെ പത്മാസനൻ എന്നിവർ പങ്കെടുത്തു.