മൂലമറ്റം: ലോക വിനോദ സഞ്ചാര ദിന സന്ദേശം സമൂഹത്തിലെത്തിക്കുന്നതിന് മൂലമറ്റം കേന്ദ്രമായി പ്രവർത്തിക്കുന്ന ജനകീയ വാട്ട്സ് അപ് കൂട്ടായ്മയായ പീ 4 (പബ്ലിക് പ്ലാറ്റ്‌ഫോം ഫോർ പ്രോസ്പിരിറ്റി ഓഫ് പീപ്പിൾ) ഇന്ന് ഉളുപ്പുണി കവന്തയിലേക്ക് ട്രക്കിംഗ് സംഘടിപ്പിക്കും. മൂലമറ്റം സെൻട്രൽ ബാങ്കിന് സമീപം രാവിലെ 9ന് അറക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബി ജോമോന്റെ അദ്ധ്യക്ഷതയിൽ തൊടുപുഴ ഡിവൈ.എസ്.പി പി.കെ സാബു ഫ്ളാഗ് ഓഫ് ചെയ്യും. മൂലമറ്റം സെന്റ് ജോസഫ്സ് അക്കാദമി ഡയറക്ടർ ഫാ. ഡോ. തോമസ് പുതശ്ശേരി സി.എം.ഐ ടൂറിസം ദിന സന്ദേശം നൽകും. കെ.എസ്.ആർ.ടി. സി ജംഗ്ഷൻ വരെയുള്ള ടൂറിസം പദയാത്രക്ക് ശേഷം മേമുട്ടം കവലയിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് രജിസ്റ്റർ ചെയ്ത അംഗങ്ങളുമായി കവന്തയിലേക്കും, ഉളുപ്പുണി പുൽമേട്ടിലേക്കുമുള്ള ടൂറിസം പഠന യാത്ര ആരംഭിക്കും. ഉളുപ്പുണി കവന്തയിൽ അറക്കുളം, കുടയത്തൂർ, മുട്ടം, വെള്ളിയാമറ്റം പഞ്ചായത്തുകളുടെ ടൂറിസം സാധ്യതകളും, പ്രതിബന്ധങ്ങളും എന്ന വിഷയത്തിൽ പീ 4 നടത്തുന്ന ടൂറിസം സെമിനാർ സെന്റ് ജോസഫ് അക്കാദമി പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ് ഉദ്ഘാടനം ചെയ്യും.വിവിധ വികസന സാധ്യതകൾ ചർച്ച ചെയ്തും, നാടൻ പാട്ടും, ചെണ്ടക്കപ്പയും, മുള്ളൻ ചമ്മന്തിയും, കാന്താരിയും, കടും കാപ്പിയും കഴിച്ച് സംഘം തിരിച്ചിറങ്ങും. കൂട്ടായ്മയിലെ കെ.ആർ സന്തോഷ് കുമാർ, ആൽവിൻ ജോസ് കല്ലേക്കാവുങ്കൽ, ജോസ് ഇടക്കര, അജികുന്നത്ത്, ബിജു പാലക്കാട്ട് കന്നേൽ തുടങ്ങിയവർ നേതൃത്വം നൽകും.