ഇടുക്കി: മറ്റൊരു ലോക വിനോദസഞ്ചാര ദിനമെത്തുമ്പോൾ എക്കാലവും സഞ്ചാരികളുടെ പറുദീസയായ ഇടുക്കിയുടെ ടൂറിസം തലസ്ഥാനമായി വാഗമൺ മാറി.ഇടുക്കിയെന്നാൽ മനസിലേക്ക് ഓടിയെത്തുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമായി വാഗമൺ. ഈ വർഷം മാത്രം 10 ലക്ഷം പേരാണ് ഈ മനോഹരഭൂമി സന്ദർശിച്ചത്. വാഗമൺ അഡ്വഞ്ചർ പാർക്കിൽ ഗ്ലാസ് ബ്രിഡ്ജ് വന്നതിന് ശേഷമാണ് സഞ്ചാരികളുടെ ഇഷ്ടഭൂമിയായി വാഗമൺ മാറിയത്. 2023 ആഗസ്റ്റിലാണ് ഗ്ലാസ് ബ്രിഡ്ജ് സ്ഥാപിക്കുന്നത്. ഇതിന് ശേഷം സഞ്ചാരികൾ മുൻ വർഷത്തേക്കാൾ ഇരട്ടിയായി. മുമ്പ് പ്രതിവർഷം അഞ്ച് ലക്ഷം പേരെത്തിയിരുന്ന സ്ഥാനത്ത് 10 ലക്ഷം പേരായി. ഗ്ലാസ് ബ്രിഡ്ജ് സ്ഥാപിച്ച ശേഷമുള്ള ആകെ വരുമാനം 11 കോടിയാണ്.

പ്രതികൂല കാലാവസ്ഥ: കനത്ത മഴ, കാറ്റ് തുടങ്ങിയ പ്രതികൂല കാലാവസ്ഥയിൽ പ്രവേശനം അനുവദിക്കില്ല.
സഞ്ചാരികൾക്ക് ലഭിക്കുന്ന അനുഭവം: പാലത്തിലൂടെ നടക്കുമ്പോൾ കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളുടെ വിദൂരകാഴ്ച ആസ്വദിക്കാം.
പ്രവേശന നിയന്ത്രണങ്ങൾ: പാലത്തിൽ പരമാവധി 10 മിനിറ്റ് മാത്രമേ തങ്ങാൻ അനുവാദമുള്ളൂ.


സാഹസിക വിനോദങ്ങൾ:
ഗ്ലാസ് ബ്രിഡ്ജിനോടൊപ്പം സാഹസിക പാർക്കിൽ സ്‌കൈ സ്വിംഗ്, സ്‌കൈ സൈക്ലിംഗ്, റോക്കറ്റ് ഇജക്ടർ, സിപ്പ് ലൈൻ തുടങ്ങിയ നിരവധി വിനോദോപാധികൾ ലഭ്യമാണ്.


വാഗമണ്ണിലെ മറ്റ് പ്രധാന കേന്ദ്രങ്ങൾ

മൊട്ടകുന്ന്

മൊട്ടക്കുന്നുകൾ നിറഞ്ഞ പച്ചപ്പിന്റെ ഒരു പ്രത്യേക നിറമാണ് വാഗമൺ. നോക്കെത്താ ദൂരത്തോളം പച്ചപ്പു നിറഞ്ഞ കുന്നുകൾ, അതിമനോഹരമായ മലയിടുക്കുകൾ. പച്ചപ്പു നിറഞ്ഞ കുന്നുകളിലൂടെ ന സഞ്ചരിക്കുമ്പോൾ വിദൂരങ്ങളിൽ ഉരുണ്ട സമതലങ്ങൾ ദൃശ്യമാകും.ആരും മനംമയങ്ങും ഈ മൊട്ടക്കുന്നിൽ. ഡി.റ്റി.പി.സി ഉടമസ്ഥതതയിൽ 100 ഏക്കറോളം സ്ഥലമുണ്ട്. പ്രവേശന ഫീസ് മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്ക് 15 രൂപയുമാണ്.

പൈൻ ഫോറസ്റ്ര്

ഒരുകാലത്ത് അധികം ആരുടെയും ശ്രദ്ധയിൽപെടാതെ കിടന്നിരുന്ന പ്രദേശമായിരുന്നു ഇവിടം. ആകെ ഉണ്ടായിരുന്നത് ഇൻഡോസ്വിസ് പ്രോജക്ടിന്റെ കന്നുകാലി വളർത്തു കേന്ദ്രം മാത്രമായിരുന്നു. വിനോദസഞ്ചാര മാപ്പിൽ വാഗമൺ സ്ഥാനം പിടിക്കുകയും പത്ര മാദ്ധ്യമങ്ങളിലൂടെ പ്രശസ്തി വർദ്ധിക്കുകയും ചെയ്തതോടെ സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചു. പൈൻ മരക്കാടുകൾ സഞ്ചാരികളുടെ പ്രധാന വിശ്രമ കേന്ദ്രമാണ്. വനംവകുപ്പിന്റെ ഉടമസ്ഥതിയിലുള്ള സ്ഥലം 86 ഹെക്ടർ വരും. 30 രൂപയാണ് പ്രവേശന ഫീസ്.