നെടുങ്കണ്ടം: വ്യാഴാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിൽ എഴുകുംവയലിൽ കൃഷി ഭൂമി ഒലിച്ചു പോയി. രണ്ട് കർഷകരുടെ ഏലവും കുരുമുളകും കാപ്പിയും കൃഷി ചെയ്തിരുന്ന മൂന്ന് ഏക്കറോളം കൃഷിയും നഷ്ടമായി. കൃഷി പൂർണ്ണമായും ഒഴുകിപോയി. എഴുകുംവയൽ കുട്ടൻകവലയിൽ കുറ്റിയാനിക്കൽ സണ്ണി, ചെമ്മരപ്പള്ളി അനീഷ് എന്നിവരുടെ കൃഷിയാണ് ഒലിച്ചു പോയത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. മേഖലയിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇനിയും മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. 2018ൽ ഉരുൾപൊട്ടൽ ഉണ്ടായി ഒരു വീടടക്കം ഒലിച്ചു പോയ കുട്ടൻകവല- മലർവാടിപടി റോഡിന് സമീപത്താണ് കൃഷി ഭൂമി ഒലിച്ചു പോയത്. ഇന്നലെ ജില്ലയിൽ ഓറഞ്ച് അലർട്ടായിരുന്നു. ഇന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ 70.68 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ പെയ്തത്. ഏറ്റവും കൂടുതൽ മഴ പെയ്തത് പീരുമേട് താലൂക്കിലാണ്- 139.8 മില്ലി മീറ്റർ.
കാറ്റിനും
ഇടിമിന്നലിനും
സാദ്ധ്യത
ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 28 വരെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ലോവർ പെരിയാർ
ഷട്ടറുകൾ തുറന്നു
വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ലോവർ പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ ഇന്നലെ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ ജലനിരപ്പ് ഉയർന്ന് 2380.40 ആയി. സംഭരണശേഷിയുടെ 74.19 ശതമാനമാണിത്. വൃഷ്ടിപ്രദേശത്ത് ഇന്നലെ 8.9 മില്ലി മീറ്റർ മഴയാണ് പെയ്തത്.
മഴയുടെ അളവ് (മില്ലി മീറ്ററിൽ)
ദേവികുളം- 23
ഇടുക്കി- 80.6
പീരുമേട്- 139.8
തൊടുപുഴ- 42
ഉടുമ്പഞ്ചോല- 68
ശരാശരി- 70.68