തൊടുപുഴ: ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന പോക്സോ നിയമപ്രകാരം ജില്ലയിൽ രജിസ്ട്ര‌ർ ചെയ്ത കേസുകൾ തീർപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നതായി കണക്കുകൾ. ജൂലായ് 31 വരെ മാത്രം 362 പോക്‌സോ കേസുകളാണ് ജില്ലയിൽ രജിസ്ട്രർ ചെയ്തത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി പോക്‌സോ നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളാണിവ. ഇത്തരം കേസുകളിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന തരത്തിൽ കാര്യക്ഷമമായ തെളിവ് ശേഖരണം അടക്കം ഉറപ്പാക്കണമെന്ന നിർദ്ദേശം ആഭ്യന്തരവകുപ്പ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. അന്വേഷണവും തെളിവ് ശേഖരണവുമാണ് പോക്സോ കേസുകളിൽ ഉദ്യോഗസ്ഥർ നേരിടുന്ന പ്രധാന വെല്ലുവിളി. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഫോറൻസിക് പരിശോധനാ ഫലങ്ങൾ ലഭിക്കാൻ കാലതാമസം നേരിടുന്നുണ്ട്. ഇത് വ്യാപക പരാതിയായതിനെ തുടർന്ന് അടുത്തിടെ സർക്കാർ 28 പുതിയ തസ്തികകൾ സൃഷ്ടിച്ചിരുന്നു. അന്തർ സംസ്ഥാനക്കാർ പ്രതികളാക്കപ്പെടുന്ന പോക്‌സോ കേസുകളും ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയാണ്. അവിടത്തെ പല പിന്നാക്ക മേഖലകളിലും ഗോത്ര മേഖലകളിലും ചെറുപ്രായത്തിൽ വിവാഹമടക്കം നടക്കുന്നുണ്ട്. അത്തരം ആളുകൾ ഇവിടെ ജോലിക്കെത്തുമ്പോൾ പ്രസവമടക്കമുള്ള കാര്യങ്ങൾക്കായി ആശുപത്രികളിലെത്തുമ്പോഴാണ് വധുവിന് പ്രായം കുറവാണെന്നതിനാൽ നിയമനടപടികളിലേക്ക് വഴി മാറുന്നത്. അടുത്തിടെ കട്ടപ്പനയിലും സമാന സംഭവമുണ്ടായിരുന്നു

പരിഗണിക്കുന്നത്

നാല് കോടതികൾ

ജില്ലയിലെ നാല് കോടതികളാണ് പോക്‌സോ കേസുകൾ പരിഗണിക്കുന്നത്. പൈനാവ്, ദേവികുളം, കട്ടപ്പന എന്നിവിടങ്ങളിലുളള അതിവേഗ പ്രത്യേക കോടതികളിലും തൊടുപുഴയിലെ ഒന്നാം അഡീഷനൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതിയിലുമാണ് പോക്‌സോ നിയമപ്രകാരമുള്ള കേസുകൾ പരിഗണിക്കുന്നത്.


ജുവനൈൽ ജസ്റ്റിസ്

കമ്മിറ്റി നിരീക്ഷിക്കുന്നു

ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതികളിലെയും മറ്റ് പോക്‌സോ വിചാരണ കോടതികളിലെയും കേസുകളുടെ ഫയലിങ്, തീർപ്പാക്കിയ കേസുകളുടെയും ശേഷിക്കുന്ന കേസുകളുടെയും എണ്ണവും കേസുകളുടെ വിചാരണയുടെ പുരോഗതിയും ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഇതോടൊപ്പം ജുഡീഷ്യൽ ഓഫീസർമാരുമായി അവലോകന യോഗങ്ങൾ നടത്തി തീർപ്പാക്കൽ നിരക്ക് വർദ്ധിപ്പിക്കുന്നതിനും വിചാരണ വേഗത്തിലാക്കുന്നതിനും നടപടികളും സജീവമാക്കിയിട്ടുണ്ട്. ഹൈക്കോടതിയുടെ നേതൃത്വത്തിൽ ഇടപെടലുകൾ ശക്തമായതിനെ തുടർന്നാണ് ഈ നടപടികൾ.

പോക്സോ നിയമം

ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമം 2012ൽ നിലവിൽ വന്നത്. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം, ലൈംഗിക പീഡനം, കുട്ടികളെ അശ്ലീലചിത്രങ്ങൾ കാണിക്കൽ, അവരെ ഉപയോഗിച്ച് അശ്ലീല ചിത്രം
എടുക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷി
ക്കുന്നതടക്കം പോക്‌സോ നിയമത്തിന്റെ ലക്ഷ്യമാണ്.