ഇടുക്കി : പ്രധാൻമന്ത്രി ഗ്രാം സടക് യോജന പദ്ധതിയിൽ ഉൾക്കൊള്ളിച്ച് 2023ൽ ഭരണാനുമതി ലഭിച്ച ഉടുമ്പന്നൂർ- മണിയാറൻകുടി റോഡ് നിർമ്മാണ ഉദ്ഘാടനം 11ന് രാവിലെ മണിയാറൻകുടിയിൽ നടക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. ആദ്യകാല കുടിയേറ്റകാലം മുതൽ പൂർവ്വികർ ഉപയോഗിച്ചിരുന്ന ഈ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് കാലങ്ങളായി പല ശ്രമങ്ങളും മുൻ കാലഘട്ടത്തിൽ നടന്നെങ്കിലും വിജയിച്ചിരുന്നില്ല. 2019ൽ പി.എം.ജി.എസ്.വൈ ഫേസ് 3ൽ ജില്ലയിൽ ഒന്നാം പരിഗണനയിൽ നൽകിയതോടെയാണ് പദ്ധതിയ്ക്ക് പുതുജീവൻ ലഭിച്ചത്. 2023ൽ തന്നെ ഭരണാനുമതിയും സങ്കേതികാനുമതിയും ലഭിച്ചെങ്കിലും വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് അനുമതി ലഭിക്കാത്തതിനാൽ പദ്ധതി ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. പദ്ധതിയ്ക്ക് 2023 ജൂൺ 17ന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഭരണാനുമതിയും ജൂലായ് 17 ന് സാങ്കേതിക അനുമതിയും ലഭ്യമാക്കിയതിനു ശേഷം, വനംവകുപ്പിന്റെ അനുമതിക്കായി പരിവേഷ് പോർട്ടലിൽ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. പലവിധ കാരണങ്ങൾ നിരത്തി വനം വകുപ്പ് കാലതാമസം വരുത്തുകയായിരുന്നു. 2024 മുതൽ പി.എം.ജി.എ.വൈ ഫേസ് 4 വന്നതിന് ശേഷം പഴയ ഘട്ടത്തിൽ അനുമതി നേടിയ പദ്ധതികൾ 2024 മാർച്ച് 30നകം ആരംഭിക്കണമെന്ന് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകിയതോടെ അടിയന്തിര പ്രാധാന്യത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ശ്രമം നടത്തി വരുകയായിരുന്നു. ഇതിനുവേണ്ടി ഉദ്യോഗസ്ഥ തലങ്ങളിൽ നിരവധി യോഗങ്ങൾ ചേർന്നു. ഇന്നലെ മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിദ്ധ്യത്തിൽ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നിലവിലുള്ള വീതിയിൽ റോഡ് ടാർ ചെയ്യുന്നതിന് വനം വകുപ്പ് അനുമതി നൽകാമെന്ന് സമ്മതിച്ച സാഹചര്യത്തിൽ 3.75 മീറ്റർ വീതിയിൽ റോഡ് ടാർ ചെയ്യുന്നതിന് തീരുമാനമെടുത്തതായി എം.പി അറിയിച്ചു. എട്ട് മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കുന്നതിനുള്ള സ്ഥലം ലഭ്യമാക്കുന്നതിന് പരിവേഷ് പോർട്ടലിലുള്ള അപേക്ഷ നിലനിറുത്തിക്കൊണ്ട് തന്നെയാണ് ഇപ്പോൾ തീരുമാനമെടുത്തിട്ടുള്ളതെന്ന് എം.പി അറിയിച്ചു. കുടിയേറ്റകാലം മുതൽ ഹൈറേഞ്ച് ജനത ഉപയോഗിച്ച് വരുന്നതും 2018ലെ പ്രളയകാലത്ത് മറ്റ് റോഡുകൾ ഉപയോഗശൂന്യമായപ്പോൾ പ്രയോജനപ്പെട്ടതുമാണ് ഈ റോഡ്. ജില്ലാ രൂപീകരണത്തിന്റെ സുവർണ്ണ ജൂബിലി സ്മാരകമായി ഈ റോഡിനെ നാമകരണം ചെയ്യണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ നിർദ്ദേശിച്ചതായും എം.പി അറിയിച്ചു.