പീരുമേട്: തോട്ടം മേഖലയിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വ്യാപകമാകുന്നു. പ്രദേശത്തെ ടൗണുകളായ കുമളി, വണ്ടിപ്പെരിയാർ, പാമ്പനാർ, പീരുമേട്, ഏലപ്പാറ, വാഗമൺ എന്നിവിടങ്ങളിൽ കഞ്ചാവ് സുലഭമായി എത്തുന്നുണ്ട്. ഏറ്റവും അവസാനം വെള്ളിയാഴ്ച പുലർച്ചെ വാളാടിമേൽ പുരട്ടിൽ നിന്ന് കഞ്ചാവ് കച്ചവടം നടത്തുന്ന യുവാവിന്റെ വീട്ടിൽ നിന്ന് രണ്ട് കിലോയോളം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഇയാളിൽ നിന്ന് കഞ്ചാവ് തൂക്കുന്നതിനുള്ള ത്രാസും പൊലീസ് പിടികൂടി. ഇയാൾക്ക് സ്ഥിരമായി കഞ്ചാവ് എത്തിക്കുന്നയാളെ ചെറിയ ഗ്രാം കഞ്ചാവുമായി ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സംഘം പിടികൂടുകയായിരുന്നു. ചെറിയ അളവിലുള്ള കഞ്ചാവാണ് പലപ്പോഴും ഇടനിലക്കാർ കച്ചവടത്തിനായി കൊണ്ടു നടക്കുന്നത്. ഇവരെ പൊലീസ് പിടിക്കപ്പെടുമ്പോൾ പ്രതികളുടെ കൈയിൽ നിന്ന് കിട്ടുന്നത്‌ ചെറിയ അളവിലുള്ള ലഹരി വസ്തുക്കൽ മാത്രമാണ്. കച്ചവടം നടത്തുന്നവരാകട്ടെ പലപ്പോഴും ജാമ്യം കിട്ടുന്ന നിലയിലുള്ള ലഹരിവസ്തുകൾ മാത്രമാണ് കൈയിൽ കരുതുന്നത്. ഇത് പലപ്പോഴും പൊലീസ്, എക്‌സൈസ്, ഉദ്യോഗസ്ഥന്മാരെ വെട്ടിലാക്കുന്നു. ഇവരുടെ സ്ഥിരം ഉപഭോക്താക്കളെ ഇവർ തേടിയെത്തും. ഇങ്ങനെ വിതരണം ചെയ്യുന്ന കണ്ണികളാണ് തോട്ടം മേഖലയിലുള്ളത്.

=അ‌ഞ്ച് ഗ്രാം, 10 ഗ്രാം, 25 ഗ്രാം, 50 ഗ്രാം, 100 ഗ്രാം പായ്ക്കറ്റുകളിലാക്കിയാണ് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി സാധനങ്ങൾ ഇടനിലക്കാർക്ക് എത്തിച്ചു കൊടുക്കുന്നത്.

ഇരകൾ യുവാക്കളും വിദ്യാ‌ർത്ഥികളും
യുവാക്കളുടെ ഇടയിൽ വലിയ തോതിൽ ലഹരി ഉപയോഗം വർദ്ധിച്ചിട്ടുണ്ട്. തോട്ടം മേഖലയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ലഹരിക്കടിമയായി മാറി. ടൂറിസം മേഖലയിലും ലഹരി കച്ചവടം വ്യാപകമായിട്ടുണ്ട്. തമിഴ്നാട്ടിലെ കമ്പത്ത് നിന്നും തേനിയിൽ നിന്നും കുമളിയിൽ എത്തിച്ച് ഇവിടെ നിന്നാണ് ചില്ലറകച്ചവടക്കാർ വാങ്ങി തോട്ടം മേഖലയിൽ എത്തിക്കുന്നത്.

സൂക്ഷിക്കുക ഒരു കിലോയിൽ താഴെ

തോട്ടം മേഖലയിൽ വില്പന നടത്തുന്നവരിൽ നിന്ന് ഒരു കിലോയിൽ താഴെ മാത്രം കഞ്ചാവാണ് പലപ്പോഴും പിടിക്കുന്നത്. അതിനാൽ എളുപ്പം ജാമ്യം ലഭിക്കുകയും വീണ്ടും ലഹരി വിൽപ്പന തുടരുകയും ചെയ്യും. തെളിവുകളുടെ അഭാവത്തിൽ കോടതിയിൽ എത്തുമ്പോൾ പലപ്പോഴും ശിക്ഷയിൽ നിന്ന് ഒഴിവാകും. വീണ്ടും ഈ മേഖലയിൽ യുവാക്കളടക്കമുള്ളവർ എത്തുകയും കച്ചവടക്കാർ ഇതിന്റെ വാഹകരായി മാറുകയും ചെയ്യുന്നതാണ് രീതി. ചെറിയ തരത്തിലുള്ള ലഹരി സാധനങ്ങൾ പിടിക്കപ്പെട്ടാൽ പോലും കർശനമായി ശിക്ഷ ഉണ്ടായാൽ മാത്രമേ ഇതിന്റെ ഉപയോഗം ഇല്ലാതാക്കാനും കച്ചവടം തടയാനും കഴിയൂ.