riyas

നരിയമ്പാറ -കൽത്തൊട്ടി- വെള്ളിലാങ്കണ്ടം റോഡ് നിർമ്മാണ ഉദ്ഘാടനം നടത്തി


ഇടുക്കി: പശ്ചാത്തല സൗകര്യങ്ങളുടെ ഹബ്ബായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ വൈവിദ്ധ്യമാർന്ന പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രിമുഹമ്മദ് റിയാസ്. നരിയമ്പാറ -കൽത്തൊട്ടി- വെള്ളിലാങ്കണ്ടം റോഡ് നവീകരണ പ്രവൃത്തിയുടെ നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.മികച്ച റോഡുകളും പാലങ്ങളും നാടിന്റെ മുഖച്ഛായ മാറ്റുന്ന തരത്തിൽ മാറിക്കഴിഞ്ഞു. ദേശീയപാത, മലയോരപാത, തീരദേശപാത എന്നീ പ്രധാന പദ്ധതികളിലൂടെ കേരളത്തിന്റെ പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്താൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

10 കോടി 60 ലക്ഷം രൂപ ചെലവഴിച്ച് ബി എം ആന്റ് ബിസി നിലവാരത്തിലാണ് കാഞ്ചിയാർ പഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ കടന്നു പോകുന്ന നരിയമ്പാറ കൽത്തൊട്ടി വെള്ളിലാംകണ്ടം റോഡ് നവീകരിക്കുന്നതെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന ലബ്ബക്കട കൽത്തൊട്ടി റോഡ്, കൽത്തൊട്ടി വെങ്ങാലൂർക്കട കോളനി റോഡ്, വെള്ളിലാംകണ്ടം കിഴക്കേ മാട്ടുക്കട്ട റോഡ് എന്നിവയുടെ ശിലാസ്ഥാപന അനാച്ഛാദനവും ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറനാം കന്നേൽ, കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മധുക്കുട്ടൻ, ജോമോൻ തെക്കേൽ, സാമൂഹ്യ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.