തൊടുപുഴ: പാതി വില തട്ടിപ്പ് മുഖ്യപ്രതികളായ അനന്തു കൃഷ്ണന്റെയും ആനന്ദകുമാറിന്റെയും അക്കൗണ്ട് വിവരങ്ങൾ പുറത്തുവിടണമെന്ന് ആക്ഷൻ കൗൺസിൽ രക്ഷാധികാരി അഡ്വ. ബേസിൽ ജോൺ ആവശ്യപ്പെട്ടു. പാതി വില തട്ടിപ്പ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഇരകളുടെ കൂട്ടായ്മയായ വോയിസ് ഒഫ് വുമൺ നേതൃത്വത്തിൽ തൊടുപുഴ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2024 ഏപ്രിൽ മുതൽ നവംബർ വരെ അനന്തു കൃഷ്ണന്റെ അക്കൗണ്ടുകളിലേക്ക് വന്ന 400 കോടിയോളം രൂപ എവിടെയാണെന്ന് കണ്ടെത്തുന്നതിന് ഇതുവരെ അന്വേഷണ ഏജൻസികൾ ശ്രമിച്ചിട്ടില്ല. ഈ കാലയളവിൽ വളരെ കുറച്ച് പാതിവില വിതരണം മാത്രമാണ് നടത്തിയത്. പാവപ്പെട്ട വനിതകളിൽ നിന്ന് തട്ടിയെടുത്ത പണം എത്രയും വേഗം കണ്ടെത്തി തിരിച്ചു നൽകാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് ഓഫീസിന് മുമ്പിൽ പൊലീസ് മാർച്ച് തടഞ്ഞു. ആക്ഷൻ കൗൺസിൽ ചെയർപേഴ്സൺ ലിസി തോമസ്, ഭാരവാഹികളായ പി.ഐ. സുധീർ, നൂഹ് മുഹമ്മദ്, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബ്ലെയ്സ് ജി. വാഴയിൽ, മനോജ് മാത്യു, പ്രമീള, എ.ആർ. അരുൺ, സജിത എന്നിവർ പ്രസംഗിച്ചു.