മാങ്കുളം: രാസാത്തി മലയാളം സംസാരിക്കും, അതു പോരാ എഴുതാനും വായിക്കാനും പഠിക്കണം. ഈ ആഗ്രഹത്തോടെയാണ് സാക്ഷരതാ പഠനത്തിന് രജിസ്റ്റർ ചെയ്തത്. മാങ്കുളം പഞ്ചായത്തിൽ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിൽ പഠിതാക്കളായവരുടെ പ്രവേശനോത്സവ ചടങ്ങാണ് തമിഴ് സംസാരിക്കുന്ന രാസാത്തിയുടെ പഠനത്തിന് വേദിയായത്. പഞ്ചായത്തിലെ ഒന്നാം വാർഡ് കോഴിയിളക്കുടിയിലാണ് 60 കാരിയായ രാസാത്തി താമസിക്കുന്നത്. വിവിധ കുടികളിലെ 150 പേരാണ് മാങ്കുളം ഗ്രാമപഞ്ചായത്തിൽ പദ്ധതിയുടെ ഭാഗമായി മലയാളത്തിന്റെ മധുരം നുകരാൻ എത്തുന്നത്. സാക്ഷരതാ പഠനം മാത്രമല്ല ഇതുവഴി ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സാക്ഷരതാമിഷന്റെ നാലാം തരം തുല്യതാ കോഴ്സിൽ ചേർന്ന് പഠിക്കാനാണ് ഇവരുടെ ആഗ്രഹം. മാങ്കുളം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പഠിതാക്കളുടെ പ്രവേശനോത്സവ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ആനന്ദൻ രാസാത്തിയുടെ കൈപിടിച്ച് ബോർഡിൽ 'അ' എഴുതിച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ ആന്റണി അദ്ധ്യക്ഷനായി. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി.എം. അബ്ദുൾകരീം മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി ബി. അശോക് കുമാർ, അസി. സെക്രട്ടറി ജോയി, പദ്ധതി കോർഡിനേറ്റർ സിനി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.