തൊടുപുഴ: പരാതികളും പ്രതിഷേധങ്ങളും ശക്തമായി തുടർന്നിട്ടും ഓടയുടെ മുകളിലെ ഇരുമ്പ് ഗ്രില്ലിന്റെ ഭാഗം തകർന്നത് മാറ്റാൻ തയ്യാറാകാതെ നഗരസഭാധികൃതർ. പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിൽ പാലാ റോഡരികിലായുള്ള ഇരുമ്പ് ഗ്രില്ലാണ് അറുതിയില്ലാത്ത ദുരിതമായി തുടരുന്നത്. കഴിഞ്ഞയാഴ്ച ഒരു യുവതിയുടെ കാൽ ഗ്രിൽ പൊളിഞ്ഞതിനിടയിൽ കുടുങ്ങി. കുടുംബാംഗങ്ങളോടൊപ്പം എത്തിയ യുവതി ഇതുവഴി പ്രൈവറ്റ് സ്റ്റാൻഡിലേക്ക് കടക്കുന്നതിനിടയിലായിരുന്നു അപകടം. തുടർന്ന് സമീപത്തെ ഓട്ടോ തൊഴിലാളികളും ഉന്തുവണ്ടി കച്ചവടക്കാരും ചേർന്നാണ് വലിയ പരുക്കില്ലാതെ യുവതിയെ രക്ഷിച്ചത്. ഗ്രിൽ തകർന്ന് രൂപപ്പെട്ട വലിയ വിടവിൽ കാൽ അകപ്പെടുകയായിരുന്നു. രണ്ടു വർഷം മുമ്പ് ഒടിഞ്ഞ ഗ്രില്ലിനിടയിൽ കോട്ടയം സ്വദേശിനിയായ യുവതിയുടെ കാൽ അകപ്പെട്ടിരുന്നു. തുടർന്ന് തൊടുപുഴ അഗ്നിരക്ഷാസേന എത്തി അര മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് കാര്യമായ പരുക്കില്ലാതെ കാൽ പുറത്തെടുത്തത്. ബസ് കയറുവാനുള്ള ധൃതിയിൽ ഇതു വഴി കടന്നു പോകുന്നവരുടെ ചെരുപ്പ് സ്ലാബിനിടയിൽ കുടുങ്ങുന്ന സംഭവങ്ങളും നിരവധിയാണ്. വർഷങ്ങൾക്ക് മുമ്പേ ഓടയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഗ്രില്ലുകൾ പലതും ദ്രവിച്ച നിലയിലാണ്. ഏതാനും വർഷങ്ങളായി ഓരോ ഭാഗത്തും ഗ്രില്ലുകൾ തകരുകയാണ്. ഇടയ്ക്ക് ചില അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഇതിനു ശേഷവും പലതവണ ഗ്രില്ലുകൾ പല ഭാഗത്തായി തകർന്നിട്ടുണ്ട്. കേടായവ വെൽഡ് ചെയ്ത് പുനസ്ഥാപിച്ചാലും അന്ന് തന്നെ തകരുന്നതാണ് പതിവ്.
''വീപ്പ നാട്ടി''
കരാറുകാരന്റെ
മുൻകരുതൽ
അപകട മുന്നറിയിപ്പിനായി ഇവിടെ അഞ്ച് ടാർ വീപ്പകൾ റിബൺ കൂട്ടിക്കെട്ടി സ്ഥാപിച്ചാണ് കരാറുകാരൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിൽ ചിലത് റോഡിൽ മറിഞ്ഞ് കിടക്കുന്നതും ഭീഷണിയാണ്. വീപ്പയും തകർന്നാൽ മുന്നറിയിപ്പ് മുടങ്ങാതിരിക്കാൻ മറ്റൊരു സെറ്റും ഇതിനോട് ചേർന്നുള്ള വഴിയോരത്ത് നിരത്തിയും കരാറുകാരന്റെ അധിക കരുതലുണ്ട്. മുമ്പ് ഓട്ടോ തൊഴിലാളികൾ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും ബസുകൾ ഇവ സ്ഥിരമായി മറിച്ചിടാൻ തുടങ്ങിയതോടെ ഇത് മുടങ്ങി.ഇതോടെയാണ് വീപ്പയുമായി കരാറുകാരൻ രംഗത്തെത്തിയത്. ഇരുമ്പ് ഗ്രിൽ തകരുന്നത് കരാറുകാരനും ചാകരയാണ്. ഇതിന്റെ മെയിന്റനസിനായും നഗരസഭ തുക നൽകണം. വർഷങ്ങളായുള്ള ദുരിതത്തിന് പുതിയ ചെയർമാനെങ്കിലും പരിഹാരമുണ്ടാക്കുമെന്ന അവസാന പ്രതീക്ഷയിലാണ് ജനം.
'ഇരുമ്പ് ഗ്രിൽമാറ്റി ഉറപ്പുള്ള കോൺക്രീറ്റ് ഇവിടെ സ്ഥാപിക്കണം. ഗ്രിൽ ഒടിയുമ്പോൾ വെൽഡിംഗ് നടത്തുന്നത് പ്രശ്നത്തിന് പരിഹാരമല്ല. കോൺക്രീറ്റിനായുള്ള നടപടികൾ സ്വീകരിക്കണം'' കെ.കെ കബീർ ( ഓട്ടോ -ടാക്സി തൊഴിലാളി യൂണിയൻ നേതാവ്)
''പൂർണമായും ഗ്രില്ല് സ്ഥാപിക്കുക എന്നത് ഒഴിവാക്കി, കോൺക്രീറ്റ് സ്ലാബും ഗ്രില്ലും മിക്സ് ചെയ്ത് സ്ഥാപിച്ച് പ്രശ്നം പരിഹരിക്കും. ഇതിനായുള്ള ടെൻഡർ നടപടികൾ പൂർത്താക്കി ഗ്രിൽ നിർമ്മിച്ച് തുടങ്ങി. മഴ മാറിയാൽ ഉടൻ തന്നെ നിർമ്മാണം പൂർത്തിയാക്കും'' കെ. ദീപക് (നഗരസഭ ചെയർമാൻ)