
തൊടുപുഴ: വനിതാ കർഷകർക്കായി സംഘടിപ്പിച്ച 'പുനർജീവനം 2.0' കാർഷിക ഉപജീവന ദ്വിദിന ശില്പപശാല സമാപിച്ചു. കുടുംബശ്രീ കേന്ദ്ര കിഴങ്ങുവിള കേന്ദ്രം ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റിറ്റൂട്ട് എന്നിവ സംയുക്തമായാണ് തദ്ദേശീയ മേഖലയിൽ നിന്നും തിരഞ്ഞെടുത്ത 120 വനിതകൾക്ക് പരിശീലനം നൽകിയത്.
കർഷകർക്കും സംരംഭകർക്കും കൃഷിയിലും അനുബന്ധമേഖലകളിലും മികച്ച പ്രവർത്തനം കാഴ്ച വയ്ക്കാൻ സഹായകമാകുന്ന രീതിയിലായിരുന്നു രണ്ടു ദിവസത്തെ പരിശീലനം. എൺപത് കർഷകർക്ക് സസ്യാധിഷ്ഠിത ചെറുകിട മൂല്യവർദ്ധിത ഉത്പന്ന നിർമാണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രാദേശികമായി ലഭ്യമാകുന്ന ഔഷധ സുഗന്ധ സസ്യങ്ങളിൽ നിന്നും പുൽത്തൈലം, വിവിധ സുഗന്ധദ്രവ്യങ്ങൾ, സോപ്പ് എന്നിവ നിർമിക്കുന്നതിൽ ജെ.എൻ.ടി.ബി.ജി.ആർ.ഐ സയന്റിസ്റ്റ് രമേഷ്‌കുമാർ കെ.ബി പരിശീലനം നൽകി. 'ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റിറ്റൂട്ട് നൽകുന്ന സേവനങ്ങളും പരിശീലനങ്ങളുംആമുഖം' എന്ന വിഷയത്തിൽ ഡയറക്ടർ ഡോ.അരുണാചലം ക്‌ളാസ് നയിച്ചു.തദ്ദേശീയ മേഖലയിലെ വനിതാ കർഷകർക്കും സംരംഭകർക്കും മികച്ച ഉപജീവന സാദ്ധ്യതകൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ശിൽപശാലയുടെ ആദ്യദിനം മധുരക്കിഴങ്ങ് ഇനങ്ങളുടെ കൃഷിയും മധുരക്കിഴങ്ങിൽ നിന്നും ചെറുധാന്യങ്ങളിൽ നിന്നുമുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണം, വിള പരിപാലനം, ജൈവ ഫെർട്ടിഗേഷൻ എന്നിവയിൽ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിദഗ്ധ പരിശീലനം നൽകിയിരുന്നു.
കർഷകർക്ക് കൈ നിറയെ
കാർഷിക പിന്തുണ
ദ്വിദിന ശിൽപശാലയിൽ പങ്കെടുത്ത കർഷകർക്ക് വിവിധ കാർഷിക ഉപകരണങ്ങളും നടീൽ വസ്തുക്കളും വളവും ഉൾപ്പെടെ കൈ നിറയെ കാർഷിക പിന്തുണ. നടീൽ വസ്തുക്കളായ മധുരക്കിഴങ്ങ് വള്ളി, കപ്പക്കമ്പ്, ഫെറോമോൺ കെണി, ഹോസ്, ഓർഡിനറി കട്ടർ, ലേയ്‌സ് കട്ടർ, റിബൺ കട്ടർ, സ്റ്റിക്കർ കട്ടർ, വേവി റിബൺ കട്ടർ, ക്രോ ബാർ, സ്‌പ്രേയർ, ട്രൈക്കോഡെർമ, ഐ.ഐ.എച്ച്.ആർ പച്ചക്കറി കിറ്റ് എന്നിവ ഉൾപ്പെടെ കർഷകർക്ക് സൗജന്യമായി ലഭിച്ചത്. ഇവയ്ക്ക് ഇരുപത്തി അയ്യായിരത്തോളം രൂപ വില വരും.