തൊടുപുഴ: കോലാനിയിൽ നിന്നും രണ്ട് ലക്ഷം രൂപ വിലവരുന്ന ക്യാമറ ലെൻസുകൾ മോഷണം പോയ സംഭവത്തിൽ മൂന്ന് പേർ പിടിയിലായി. എറണാകുളം സ്വദേശിനിയായ സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് അറസ്റ്റിലായത്. എറണാകുളത്തെ ഒരു കടയിൽ മോഷണമുതൽ വിറ്റതിനാണ് ഇവരുടെ അറസ്റ്റ് . വിൽപ്പനക്കായി ഇത് ഇവരെ ഏൽപ്പിച്ച പ്രധാന പ്രതിയെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഉടനുണ്ടാകും. വെഡ്ഡിംഗ് സ്റ്റുഡിയോ നടത്തുന്ന കോലാനി സ്വദേശി ശ്രീജിത്തിന്റെ മൂന്ന് ലെൻസുകളാണ് കഴിഞ്ഞയാഴ്ച മോഷണം പോയത്. രണ്ട് ക്യാമറകളിലായി ഉപയോഗിക്കുന്ന ലെൻസുകളാണ് സ്റ്റുഡിയോയിൽ നിന്നും മോഷ്ടിക്കപ്പെട്ടത്. ഇത് ഒ.എൽ.എക്സ് പ്ലാറ്റ്‌ഫോമിൽ വിൽപ്പനയ്ക്ക് ഇട്ടതായി ശ്രദ്ധയിൽപ്പെട്ടതോടെ ഉടമ തൊടുപുഴ പൊലീസിൽ പരാതി നൽകുകയായിരുന്നു.