അടിമാലി: പരിമിതികൾക്ക് നടുവിൽ പ്രവർത്തിക്കുന്ന വെള്ളത്തൂവൽ പൊലീസ് സ്‌റ്റേഷനായി പുതിയ കെട്ടിടം വേണമെന്ന് ആവശ്യം.വെള്ളത്തൂവൽ, പള്ളിവാസൽ, കൊന്നത്തടി പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് വെള്ളത്തൂവൽ പൊലീസ് സ്‌റ്റേഷൻ.അഞ്ച് വില്ലേജോഫീസുകളും ഇതിന്റെ പരിധിയിൽ വരുന്നു.ഇത്രയധികം സ്ഥല വിസ്തൃതിയിലെ ക്രമസമാധാന പാലനമുൾപ്പെടെ കൈകാര്യം ചെയ്യേണ്ടുന്ന പോലീസ് സ്‌റ്റേഷനാണ് മതിയാംവിധമുള്ള അടിസ്ഥാന കെട്ടിട സൗകര്യം പോലുമില്ലാതെ പരിമിതികൾക്ക് നടുവിലൂടെ മുമ്പോട്ട് പോകുന്നത്.എസ് എച്ച് ഒ ഉൾപ്പെടെ 38 പൊലീസ് ഉദ്യോഗസ്ഥരാണ് സ്‌റ്റേഷനിലുള്ളത്.2004ലാണ് വെള്ളത്തൂവൽ പൊലീസ് സ്‌റ്റേഷനായി കെട്ടിടം പണി കഴിപ്പിക്കുന്നത്.നിർമ്മാണ ജോലികളിൽ ദീർഘവീക്ഷണമില്ലാതെ വന്നതോടെയാണ് റോഡിനോടു ചേർന്ന കട്ടിംങ്ങിന് മുകളിലായി കെട്ടിട നിർമ്മാണം നടത്തിയതെന്ന ആക്ഷേപം അക്കാലത്തെ ഉയർന്നിരുന്നു.രണ്ടേകാൽ ഏക്കർ സ്ഥലം പൊലീസ് സ്‌റ്റേഷന് സ്വന്തമായി ഉണ്ട്.6 വനിതാ പൊലീസ് ഉദ്യോഗസ്ഥരും സ്‌റ്റേഷനിൽ ജോലിചെയ്യുന്നു.പരാതിയുമായി സ്റ്റേഷനിൽ എത്തുന്നവർക്ക് ഇരിക്കാൻ വേണ്ടുന്ന മതിയായ സ്ഥല സൗകര്യം പോലും വെള്ളത്തൂവൽ പോലീസ് സ്‌റ്റേഷനിൽ ഇല്ല.ഇത്തരത്തിൽ അടിസ്ഥാന കെട്ടിട സൗകര്യം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് പേറിയാണ് വെള്ളത്തൂവൽപൊലീസ് സ്‌റ്റേഷന്റെ പ്രവർത്തനം മുമ്പോട്ട് പോകുന്നത്.ഈ സാഹചര്യത്തിലാണ്സൗകര്യമുള്ള പുതിയ സ്റ്റേഷൻ കെട്ടിടം യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുള്ളത്.