നാഗപ്പുഴ : നാഗപ്പുഴ ശാന്തുകാട് കാവിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷത്തിലെ അതിപ്രധാനങ്ങളായ ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി ദിനങ്ങളിൽ നവരാത്രി പൂജകളും വിദ്യാരംഭച്ചടങ്ങുകളും നടക്കും. എല്ലാ ദിവസവും വിശേഷാൽ പ്രഭാത പൂജകളും ദീപാരാധനയും ഉണ്ടാകും. ഇന്ന് വൈകിട്ട് ക്ഷേത്രങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള സരസ്വതീമണ്ഡപത്തിൽ പൂജവയ്പും സരസ്വതീപൂജയും നടക്കും. നാളെ ദുർഗ്ഗാഷ്ടമി പൂജ, ഒക്ടോബർ 1ന് മഹാനവമി പൂജ എന്നിവ നടക്കും. ഒക്ടോബർ 2ന് വിജയദശമി ആഘോഷത്തിന്റെ ഭാഗമായി രാവിലെ 7.30 ന് സരസ്വതീപൂജ , 8 മണിക്ക് സമൂഹ വിദ്യാഗോപാല മന്ത്രാർച്ചന എന്നിവ നടക്കും. തുടർന്ന് വിദ്യാരംഭം ചടങ്ങുകൾ ആരംഭിക്കും. എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. വി.എസ്. റെജി കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിക്കും. ദേവീതീർത്ഥം ഹാളിൽ സംഗീതാർച്ചന, മേളപ്രമാണി മുത്തോലപുരം രജീഷ് മാരാരും സംഘവും അവതരിപ്പിക്കുന്ന മേളം , ഭക്തജനങ്ങൾക്കുള്ള പ്രസാദ വിതരണം എന്നിവയും ഉണ്ടാകും.