തൊടുപുഴ: ജില്ലാ ബാസ്‌കറ്റ്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മൂലമറ്റം സെന്റ്. ജോസഫ് അക്കാദമിയിൽ വെച്ച് സംഘടിപ്പിച്ച ജില്ലാ സീനിയർ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ തൊടുപുഴ ഡി പോൾ സ്‌പോർട്സ് ഫൌണ്ടേഷൻ (ഡി.എസ്.എഫ്) കിരീടം നേടി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അംഗീകൃത ക്ലബുകൾ മാറ്റുരച്ച ഈ ഔദ്യോഗിക ചാമ്പ്യൻഷിപ്പിന്റെ ആവേശകരമായ സൂപ്പർ ലീഗ് പോരാട്ടത്തിൽ തൊടുപുഴ കാർമ്മൽ ബാസ്‌കറ്റ്‌ബോൾ അക്കാദമിയെ മറികടന്നാണ് ഡി.എസ്.എഫ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. മൂലമറ്റം സെന്റ്. ജോസഫ് അക്കാദമി മൂന്നാം സ്ഥാനം കരസ്ഥമാക്കി. സമാപനസമ്മേളനത്തിൽ ജില്ലാ ബാസ്‌കറ്റ്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് പി.പി സൂര്യകുമാർ, ജില്ലാ നിർവാഹകസമിതി അംഗം എ.എസ് മനോജ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. ബാസ്‌കറ്റ്‌ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജസ്വിൻ സജി, സെക്രട്ടറി അശ്വിൻ ബിനു, ട്രഷറർഡൊമിനിക് ഡി വരകുകാല, ജില്ലാ കമ്മിറ്റി അംഗങ്ങളായ അലൻ ജോസ്, ജുവൽ ജോസ്, ടോം ജോസ്, റോഹൻ തോമസ്, സെന്റ്. ജോസഫ് അക്കാദമി ലെക്ചറർ അലൻ രാജു തുടങ്ങിയവർ സംസാരിച്ചു. ഒക്ടോബർ 7 മുതൽ 12 വരെ കുന്നംകുളത്ത് നടക്കുന്ന സംസ്ഥാന സീനിയർ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിനുള്ള ഇടുക്കി ജില്ലാ ടീമിനെ ഈ ചാമ്പ്യൻഷിപ്പിലെ പ്രകടനമികവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തു.