 അതിദാരിദ്ര്യ നിർമ്മാർജനം 95 ശതമാനം പൂർത്തീകരിച്ചു

തൊടുപുഴ: സർക്കാരിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി ജില്ലയിൽ പാർപ്പിടമൊരുങ്ങുന്നത് 493 കുടുംബങ്ങൾക്ക്. പാർപ്പിടം മാത്രം വേണ്ടവർക്കും വീടും വസ്തുവും ആവശ്യമുള്ളവർക്കും ഭവനം പുനരുദ്ധാരണം ആവശ്യമുള്ളവരെയും കണ്ടെത്തി സഹായം നൽകുന്നത് ഉൾപ്പെടെയാണിത്. ഭക്ഷണം, വരുമാനം, ആരോഗ്യം, പാർപ്പിടം എന്നീ ഘടകങ്ങളിലെ ഇല്ലായ്മകളാണ് അതിദാരിദ്ര്യ നിർണയത്തിൽ പരിഗണിക്കപ്പെടുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയുള്ളതാണ് പദ്ധതി. അതിദരിദ്ര വിഭാഗത്തിൽ വീടില്ലാത്ത മുഴുവൻ പേർക്കും നവംബറിന് മുമ്പ് ഭൂമിയും വീടും ഉറപ്പാക്കുകയാണ് ലക്ഷ്യം. പദ്ധതി നടത്തിപ്പിനുള്ള മാർഗ നിർദ്ദേശം തദ്ദേശ സ്ഥാപനങ്ങൾക്ക് മുമ്പേ തന്നെ കൈമാറിയതാണ്. ഈ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 2021ൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 2665 കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. നഗരസഭകളിൽ 271ഉം പഞ്ചായത്തുകളിൽ 2394 കുടുംബങ്ങളുമാണുള്ളത്. ഇതിൽ കണക്കിൽപ്പെടാത്തവരെ ഒഴിവാക്കിയ ശേഷമുള്ളത് 2217 പേരാണ്. ഈ പട്ടികയിലെ 2106 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കിയിട്ടുണ്ട്. ഇതിലുൾപ്പെട്ട 493 കുടുംബങ്ങൾക്കാണ് വീട് നിർമ്മിക്കുന്നത്. ഭക്ഷണം ആവശ്യമായി കണ്ടെത്തിയ 802 കുടുംബങ്ങൾക്കും ആരോഗ്യ സേവനം ആവശ്യമായിട്ടുള്ള 949 കുടുംബങ്ങൾക്കും വരുമാനം ആവശ്യമായിട്ടുള്ള 180 കുടുംബങ്ങൾക്കും ഇതിനോടകം ആവശ്യമായ സൗകര്യമൊരുക്കിയിട്ടുണ്ട്. ബാക്കിയുള്ളവർക്കാവശ്യമായ നടപടികൾ അന്തിമഘട്ടത്തിലാണ്. കേരളത്തെ അതിദാരിദ്ര്യ നിർമ്മാർജന സംസ്ഥാനമായി നവംബറിൽ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി നടപടി ക്രമങ്ങൾ പൂർത്തീകരിക്കും.


പാർപ്പിട പദ്ധതി

 വീട് മാത്രം വേണ്ടവർ (ആകെ - 248)
കരാർ വച്ചത്- 248
പൂർത്തിയായത്- 198
പൂർത്തീകരിക്കാനുള്ളത്- 50

സ്ഥലവും ആവശ്യമുള്ളവർ (ആകെ - 73)
കരാർ വച്ചത് -67
കരാർ വയ്ക്കാനുള്ളത്- 6
പൂർത്തിയായത്- 30
പൂർത്തീകരിക്കാനുള്ളത്- 43

വീട് പുനരുദ്ധാരണം (ആകെ - 178)
കരാർ വച്ചത് -178
പൂർത്തിയായത് -167
പൂർത്തീകരിക്കാനുള്ളത്- 11

വാടക വീടുകളിലേക്ക് മാറിയവർ - 54

മറ്ര് സേവനങ്ങൾ:

സൗജന്യ ബസ് യാത്ര പാസുകൾ, പഠനോപകരണ വിതരണം, വിവിധ തിരിച്ചറിയൽ രേഖകൾ നൽകൽ, ഗ്യാസ് കണക്ഷൻ, കുടുംബശ്രീ അംഗത്വം തുടങ്ങിയവ.

മാനദണ്ഡം:

ഭക്ഷണം, വരുമാനം, ആരോഗ്യം, പാർപ്പിടം, വിദ്യാഭ്യാസം, സേവന ലഭ്യത, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹികക്ഷേമ പരിപാടികൾ എന്നിവയുടെ ലഭ്യത പരിഗണിച്ചാണ് അതിദാരിദ്ര്യം നിർണയിക്കുന്നത്.


ലക്ഷ്യം:

 പദ്ധതി നടപ്പിലാക്കുന്നതിലൂടെ ദാരിദ്ര്യനിർമ്മാർജ്ജനം, പട്ടിണിയില്ലാതാക്കൽ എന്നീ സുപ്രധാന സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കും.
 സാമൂഹിക നീതിയിലൂന്നിയുള്ള കേരളത്തിന്റെ വികസന കാഴ്ചപ്പാടിന് പദ്ധതി ഒരു അംഗീകാരമാണ്.

' പദ്ധതിക്ക് മികച്ച മുന്നേറ്റമാണ്. സർക്കാർ നിശ്ചയിച്ച സമയത്തിനുള്ളിൽ ലക്ഷ്യം പൂർത്തീകരിക്കും'

-ജെയ് പി. ബാൽ (പ്രൊജക്ട് ഡയറക്ടർ, ഇടുക്കി)